2026 ടി-20 ലോകകപ്പില്‍ വിജയിച്ച് തുടങ്ങി ഇന്ത്യ. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യു.എസ്.എയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് നേടാനായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ആറ് ഓവറില്‍ തന്നെ രണ്ട് ഗോള്‍ഡന്‍ ഡക്ക് അടക്കം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ആതിഥേയര്‍ സമ്മര്‍ദത്തിന്റെ പടുകുഴിയിലേക്ക് വീണത്.

അഭിഷേക് ശര്‍മ (ഗോള്‍ഡന്‍ ഡക്ക്), ഇഷാന്‍ കിഷന്‍ (16 പന്തില്‍ 20), തിലക് വര്‍മ (16 പന്തില്‍ 25), ശിവം ദുബെ (ഗോള്‍ഡന്‍ ഡക്ക്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് പവര്‍പ്ലേ അവസാനിക്കും മുമ്പേ നഷ്ടപ്പെട്ടത്.

പിന്നാലെയെത്തിയ റിങ്കു സിങ്ങിനോ ഹര്‍ദിക് പാണ്ഡ്യയ്‌ക്കോ അക്‌സര്‍ പട്ടേലിനോ ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. റിങ്കു 14 പന്തില്‍ ആറ് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സിനാണ് ഹര്‍ദിക് പുറത്തായത്. 11 പന്തില്‍ 14 റണ്‍സായിരുന്നു അക്‌സറിന്റെ സമ്പാദ്യം.

ഒരു വശത്ത് വിക്കറ്റുകള്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വീഴവെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചെറുത്തുനില്‍പ് ഇന്ത്യയെ കരകയറ്റി. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്.

ക്രീസിലെത്തിയ നിമിഷം മുതല്‍ പതിഞ്ഞാണ് സൂര്യ ബാറ്റ് വീശിയത്. വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കവെ സ്‌കോര്‍ ഉയര്‍ത്തുകയല്ല മറിച്ച് ക്രീസില്‍ ഉറച്ചുനില്‍ക്കുകയാണ് താന്‍ ചെയ്യേണ്ടതെന്ന ബോധ്യമുണ്ടായിരുന്ന ക്യാപ്റ്റന്‍ തുടക്കത്തില്‍ വമ്പനടികള്‍ക്കൊന്നും ശ്രമിച്ചില്ല. എന്നാല്‍ പോകെ പോകെ താരം അപകടകരിയായി മാറിക്കൊണ്ടേയിരുന്നു.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്റെ സ്വതസിദ്ധമായ രീതിയില്‍ സ്‌കൈ ബാറ്റ് വീശി. അവസാന ഓവറില്‍ സൗരഭ് നേത്രാവല്‍ക്കറിനെതിരെ രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 21 റണ്‍സിനാണ് സൂര്യ പ്രഹരിച്ചത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ യു.എസ്.എ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും നേടി.

ഫെബ്രുവരി 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് എതിരാളികള്‍.

 

Content Highlight: T20 World Cup 2026: India defeated USA