പാളിയ ഓപ്പണിങ് കൂട്ടുകെട്ട്, രണ്ട് ഗോള്‍ഡന്‍ ഡക്ക്; യു.എസ്.എക്കെതിരെ പവര്‍പ്ലേയില്‍ കൈപൊള്ളി ഇന്ത്യ
T20 world cup
പാളിയ ഓപ്പണിങ് കൂട്ടുകെട്ട്, രണ്ട് ഗോള്‍ഡന്‍ ഡക്ക്; യു.എസ്.എക്കെതിരെ പവര്‍പ്ലേയില്‍ കൈപൊള്ളി ഇന്ത്യ
ആദര്‍ശ് എം.കെ.
Saturday, 7th February 2026, 8:10 pm

2026 ടി-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ യു.എസ്.എയെ നേരിടുകയാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങി.

സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇടംകൈ-വലംകൈ കോമ്പിനേഷന് പകരം രണ്ട് ഇടംകയ്യന്‍ ഹാര്‍ഡ് ഹിറ്റേഴ്‌സിനെ കളത്തിലിറക്കിയാണ് ഇന്ത്യ പോരാട്ടത്തിന് തുടക്കം കുറിച്ചത്.

ആദ്യ പന്തുകളില്‍ പരുങ്ങിയെങ്കിലും ആദ്യ ഓവറില്‍ തന്നെ സൗരഭ് നേത്രാവല്‍ക്കറിനെ സിക്‌സറിന് പറത്തി ഇഷാന്‍ കിഷന്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നു.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് സഞ്ജയ് കൃഷ്ണമൂര്‍ത്തിക്ക് ക്യാച്ച് നല്‍കി മടങ്ങി. അലി ഖാനാണ് വിക്കറ്റ്.

കൃത്യമായി ഫീല്‍ഡ് പ്ലേസ് ചെയ്തുകൊണ്ടാണ് യു.എസ്.എ അഭിഷേകിനെ മടക്കിയത്. രണ്ട് ഇടംകയ്യന്‍ ബാറ്റര്‍മാരായതില്‍ തന്നെ ഫീല്‍ഡ് പ്ലേസ്‌മെന്റും യു.എസ്.എയ്ക്ക് എളുപ്പമായി.

പിന്നാലെയെത്തിയ തിലക് വര്‍മയെ ഒപ്പം കൂട്ടി ഇഷാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരുടെയും സ്വതസിദ്ധമായ വെടിക്കെട്ട് പിറന്നില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് ഇഷാനും തിലകും ബാറ്റ് വീശി. രണ്ട് ക്യാച്ച് ഡ്രോപ്പുകളും ഇന്ത്യയ്ക്ക് തുണയായി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന യു.എസ്.എ. Photo: USA Cricket

പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഇഷാനെ  മടക്കി ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് ഇന്ത്യയെ ഞെട്ടിച്ചു. മിലിന്ദ് കുമാറിന്റെ കൈകളിലൊതുങ്ങും മുമ്പ് 16 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്.

ഓവറിലെ അഞ്ചാം പന്തില്‍ തിലക് വര്‍മയും മടങ്ങി. മോനാങ്ക് പട്ടേലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. 16 പന്തില്‍ 256 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആറാം ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായും പുറത്തായി. ഷാല്‍ക് വിക്കിന്റെ സ്ലോ ബോള്‍ ബൗണ്‍സര്‍ കെണിയില്‍ ചെന്നുചാടിയ ദുബെ സൗരഭ് നേത്രാവല്‍ക്കറിന്റെ കൈകളിലൊതുങ്ങി.

പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്.

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 63 എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യയും 11 പന്തില്‍ അഞ്ച് റണ്‍സുമായി റിങ്കു സിങ്ങുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി.

യു.എസ്.എ പ്ലെയിങ് ഇലവന്‍

ആന്‍ഡ്രീസ് ഗസ് (വിക്കറ്റ് കീപ്പര്‍), സായ്‌തേജ മുക്കമല്ല, മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജാനെ, ഹര്‍മീത് സിങ്, മുഹമ്മദ് മൊഹ്‌സിന്‍, ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക്, അലി ഖാന്‍, സൗരഭ് നേത്രാവല്‍ക്കര്‍.

 

Content Highlight: T20 World Cup 2026: IND vs USA: India with a poor start

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.