ഒരാള്‍ക്ക് നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്ക്, മറുവശത്ത് ഭാഗ്യത്തിന്റെയും; ത്രില്ലറില്‍ പിറന്നത് രണ്ട് വൈരുദ്ധ്യങ്ങള്‍
Cricket
ഒരാള്‍ക്ക് നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്ക്, മറുവശത്ത് ഭാഗ്യത്തിന്റെയും; ത്രില്ലറില്‍ പിറന്നത് രണ്ട് വൈരുദ്ധ്യങ്ങള്‍
ഫസീഹ പി.സി.
Wednesday, 11th February 2026, 4:58 pm

2026 ടി – 20 ലോകകപ്പില്‍ ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ടീമിന്റെ വിജയം. ഇതോടെ ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരത്തില്‍ പ്രോട്ടിയാസ് വിജയിച്ചപ്പോള്‍ അഫ്ഗാന് തുടര്‍ച്ചയായ രണ്ട് തോല്‍വി വഴങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 187 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന് അഫ്ഗാനും ഇതേ സ്‌കോറില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. അതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ അഫ്ഗാന് 17 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസ് അതേ സ്‌കോര്‍ തന്നെ എടുത്തു. അതോടെ വിജയികളെ തീരുമാനിക്കാന്‍ വീണ്ടും സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. ഇതില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 24 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ഇത് പിന്തുടര്‍ന്ന അഫ്ഗാന്‍ ജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന പന്തില്‍ അടിയറവ് പറയുകയായിരുന്നു. ഇതോടെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് വിജയക്കൊടി നാട്ടാന്‍ സാധിച്ചത്.

ഇതോടെ ടി – 20യില്‍ സമനിലയില്‍ അവസാനിച്ച മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതിരിക്കാന്‍ പ്രോട്ടിയാസിന് സാധിച്ചു. ഇത് രണ്ടാം തവണയാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ വിജയിക്കുന്നത്. നേരത്തെ, ശ്രീലങ്കയ്ക്ക് എതിരെയാണ് ടീമിന്റെ വിജയം. 2019 ല്‍ കേപ്പ് ടൗണില്‍ നടന്ന മത്സരത്തിലായിരുന്നു ഇത്.

സൗത്ത് ആഫ്രിക്കൻ ടീം. Photo: Proteas Men/x.com

എന്നാല്‍, മറുവശത്ത് അഫ്ഗാന്‍ നിലനിര്‍ത്തിയത് നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്കാണ്. ഇതുവരെ ടി – 20 സമനിലയിലായ മത്സരങ്ങളില്‍ അഫ്ഗാന്‍ ടീമിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരമടക്കം മൂന്ന് തവണയാണ് ടീം ഇത്തരമൊരു മത്സരത്തില്‍ തോല്‍വി വഴങ്ങുന്നത്.

2020ല്‍ അയര്‍ലാന്‍ഡിനോടാണ് അഫ്ഗാന്‍ ആദ്യം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത്. പിന്നീട് ഇന്ത്യയോടും ടീം സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ വിജയം കൈവിട്ടു. 2024ല്‍ നടന്ന മത്സരത്തിലും രണ്ടാം സൂപ്പര്‍ ഓവറിലായിരുന്നു ടീമിന്റെ തോല്‍വി. അതിന് ശേഷം ഇപ്പോള്‍ വിജയത്തോട് അടുത്തെത്തി വീണ്ടും ടീമിന് കാലിടറുകയായിരുന്നു.

Content Highlight: T20 World Cup 2026: Afghanistan never won a tied match while South Africa never loss a tied match in T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി