ക്രിക്കറ്റിന് അത്രകണ്ട് വേരോട്ടമില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിനൊപ്പം ഇത്തവണ അമേരിക്കയും ടി-20 ലോകകപ്പിന് വേദിയാവുകയാണ്. ക്രിക്കറ്റ് വളരെ വേഗം ജനപ്രീതിയാര്‍ജിക്കുകയും വളരുകയും ചെയ്യുന്ന അമേരിക്ക പോലെ ഒരു വികസിത രാജ്യത്തില്‍ ഇത്തരമൊരു ലോകകപ്പ് നടത്താന്‍ ഐ.സി.സിയും പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.
2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിന് മുന്നോടിയായി ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിലും ഐ.സി.സി വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആതിഥേയരായ അമേരിക്കയടക്കം 20 ടീമുകളാണ് ഇത്തവണ വിശ്വകിരീടത്തിനായി മത്സരരംഗത്തുള്ളത്.

അമേരിക്കയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് മുന്‍ താരങ്ങള്‍ കൈകോര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഒരുവശത്ത് ലോകകപ്പിന്റെ ആവേശം അലതല്ലുമ്പോള്‍ മറുവശത്ത് ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഒരു ടി-20 ലോകകപ്പ് സ്റ്റാഫില്‍ നിന്നും ബൗളിങ്ങിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്ന സ്റ്റെയ്‌നും, പ്രോട്ടിയാസ് ലെജഡന്‍ഡിന് ക്ലാസെടുക്കുന്ന സ്റ്റാഫുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

താന്‍ പന്തെറിയാന്‍ പഠിപ്പിക്കുന്നത് ആരെയാണെന്നറിയാതെ നിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്ന സ്റ്റാഫിന്റെ വീഡിയോ വൈറലാവുകയാണ്. പന്തെറിയുമ്പോള്‍ ഒരിക്കലും കൈമുട്ട് മടങ്ങരുതെന്നാണ് സ്റ്റാഫ് സ്റ്റെയ്‌നിന് ക്ലാസെടുക്കുന്നത്. ഇതിന് പുറമെ പന്ത് പിച്ച് ചെയ്യിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇയാള്‍ സ്‌റ്റെയ്‌നിന് വിശദീകരിക്കുന്നു.
