അഡെലൈഡ്: ടെസ്റ്റ് മത്സരങ്ങളിലെ പരാജയങ്ങളുടെ ക്ഷീണം തീര്‍ത്തുകൊണ്ട് ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 37 റണ്‍സിനാണ് ഇന്തയ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ആസ്‌ത്രേലിയ 151 റണ്‍സിന് പുറത്തായി. ആസ്‌ത്രേലിയന്‍ നിരയില്‍ ആരോണ്‍ഫിഞ്ച്(44) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ ബോളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ മുട്ടുമടക്കുകയായിരുന്നു.
ടെസ്റ്റ് മത്സരങ്ങളിലെ പോലെ ടോസ് ആസ്‌ത്രേലിയ ഇന്ത്യന്‍ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്ലിയുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരികെയെത്തിയ സുരേഷ് റെയ്‌ന 41 റണ്‍സെടുത്ത് കോഹ് ലിക്ക് പിന്തുണ നല്കി. 134 റണ്‍സാണ് ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്നത്.
9 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ പ്രകടനം. കോഹ്ലിയാണ് കളിയിലെ താരം. രോഹിത് ശര്‍മ്മ 31 റണ്‍സും ശിഖര്‍ധവാന്‍ അഞ്ച് റണ്‍സുമെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ധോണി 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
