മലയാളികളുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരു താരങ്ങളും ചെയ്തു വെച്ച കഥാപാത്രങ്ങൾ ഇന്നും ഓർക്കപ്പെടുന്നവയാണ്.
ലോകോത്തര നിലവാരത്തിലേക്ക് മലയാള സിനിമയെ ഉയർത്തുന്നതിലും ഇരുവരുടെയും പങ്ക് എടുത്ത് പറയേണ്ട ഒന്നാണ്. അതിനാൽ തന്നെ ഇതിലാരാണ് മികച്ചത് എന്ന് പറയാൻ ഓരോ മലയാളികളും ഒന്ന് ബുദ്ധിമുട്ടും. എന്നാൽ ഇരു താരങ്ങളെയും കുറിച്ച് സംവിധായകൻ ടി. വി. ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
‘മമ്മൂട്ടിയെപ്പറ്റി പറയുമ്പോഴൊക്കെ അതിനരുകിൽ മോഹൻലാലും നിൽക്കുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ചു പറയുന്ന വിശേഷണങ്ങൾ മോഹൻലാലിനും യോജിച്ചതാണ്. പക്ഷേ ദേശീയ തലത്തിൽ ആദ്യം വരുന്ന നടൻ മമ്മൂട്ടിയാണ്.
മമ്മൂട്ടി, ടി.വി. ചന്ദ്രൻ, Photo: YouTube/ Screengrab
ഏതു നാട്ടുകാർക്കും മമ്മൂട്ടിയെ അറിയാം. മലയാള സിനിമയ്ക്ക് ഇദ്ദേഹത്തിന്റെ പേരിൽ അൽപ്പം ഉയർച്ച ഉണ്ടായി എന്നുതന്നെ പറയണം,’ ടി.വി. ചന്ദ്രൻ പറഞ്ഞു.
ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ രണ്ട് മഹാനടന്മാരെക്കുറിച്ചുള്ള വളരെ ബാലൻസ്ഡ് ആയൊരു വിലയിരുത്തലാണിതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടിയെക്കുറിച്ച് ഉപയോഗിക്കുന്ന പല വിശേഷണങ്ങളും മോഹൻലാലിനും കൂടി യോജിക്കുന്നവയാണെന്നും അഭിനയശേഷി, കഥാപാത്രങ്ങളിലെ വൈവിധ്യം, ദൈർഘ്യമേറിയ കരിയർ എന്നിവയിൽ ഇരുവരും മലയാള സിനിമയുടെ രണ്ട് വലിയ തൂണുകൾ തന്നെയാണെന്നും അവർ പറയുന്നു.
എന്നാൽ ടി.വി. ചന്ദ്രൻ പറഞ്ഞത് പോലെ ദേശീയ തലത്തിൽ ആദ്യം വരുന്ന മലയാള നടൻ മമ്മൂട്ടിയാണെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നത്.
മമ്മൂട്ടി അഭിനയിച്ച നിരവധി സിനിമകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയതുകൊണ്ടാണ് അദ്ദേഹത്തിനാണ് ആദ്യ പരിഗണന ലഭിക്കുന്നതെന്നും അവർ പറയുന്നു. മതിലുകൾ, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്കർ തുടങ്ങിയവ അതിന്റെ ചെറിയ ഉദാഹരണങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മോഹൻലാൽ, മമ്മൂട്ടി, Photo: Mohanlal/ Facebook
ഇത്തരത്തിലുള്ള സിനിമകൾ മമ്മൂട്ടിയെ ഒരു പാൻ-ഇന്ത്യൻ ആർട്ടിസ്റ്റായി പരിചയപ്പെടുത്താനും മലയാള സിനിമയുടെ പേരിനെ പുറത്തേക്കെത്തിക്കാനും സഹായിച്ചതാണ് സത്യമെന്നും അവർ പറയുന്നു.
അതുപോലെതന്നെ അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ കളങ്കാവൽ എന്ന ചിത്രവും, ഓസ്കാർ വേദികളിൽ ശ്രദ്ധ നേടിയ ഭ്രമയുഗം എന്ന ചിത്രവും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
അതിനാൽ മമ്മൂട്ടി–മോഹൻലാൽ താരതമ്യത്തെ മറികടന്ന് മലയാള സിനിമയുടെ ദേശീയ സാന്നിധ്യത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണം എന്ന നിലയിൽ ടി.വി. ചന്ദ്രന്റെ വാക്കുകൾ ശ്രദ്ധേയമാണെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: T.V Chandran talk about Mammootty
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.