ചെന്നൈ: തമിഴ്‌നാട് എന്‍.ഡി.എ സഖ്യകക്ഷിയായ എ.എം.എം.കെ (അമ്മാ മക്കള്‍ മുന്നേട്ര കഴകം) മുന്നണി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുന്നണി വിടുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ അറിയിച്ചത്. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരുമായും കേഡര്‍മാരുമായും കൂടിയാലോചിച്ച ശേഷം ഡിസംബരില്‍ മാത്രമേ ഇനി കൂടുതല്‍ തീരുമാനമെടുക്കുള്ളൂവെന്ന് ദിനകരന്‍ അറിയിച്ചു. വിജയ് നയിക്കുന്ന ടി.വി.കെയുമായി എ.എം.എം.കെ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചതെന്നും തെങ്കാശിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് താനും തന്റെ പാര്‍ട്ടിയും വിശ്വസിച്ചിരുന്നെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
‘ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. 2024ലെ സ്ഥിതിയല്ല, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍. ഞങ്ങളുടെ കേഡര്‍മാരുടെയും ഭാരവാഹികളുടെയും വികാരം കണക്കിലെടുത്ത് ഡിസംബറില്‍ മാത്രമേ സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കുള്ളൂ,’ ദിനകരന്‍ പറയുന്നു. എ.ഐ.എ.ഡി.എം.കെയിലെ ഗ്രൂപ്പുകളെ ഏകീകരിക്കാനുള്ള അമിത് ഷായുടെ ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ എ.ഐ.എ.ഡി.എം.കെയിലെ നേതാവ് ഒ. പനീര്‍ശെല്‍വം എന്‍.ഡി.എ വിട്ടിരുന്നു. വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് പനീര്‍ശെല്‍വം പാര്‍ട്ടി വിട്ടത്. ടി.വികെയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ വന്നെങ്കിലും അദ്ദേഹം അതെല്ലാം തള്ളിക്കളയുകയായിരുന്നു. പനീര്‍ശെല്‍വത്തിന് പിന്നാലെ ദിനകരനും എന്‍.ഡി.എ മുന്നണി വിട്ടത് തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
2026 ഏപ്രില്‍-മെയ് മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. ഡി.എം.കെയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം ചെറുതായി ഉണ്ടെങ്കിലും എ.ഐ.എ.ഡി.എം.കെയിലെ തര്‍ക്കങ്ങളും ടി.വി.കെയുടെ രംഗപ്രവേശവും ഡി.എം.കെയക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. സ്റ്റാലിന്‍ വീണ്ടും ഭരണത്തിലെത്തുമെന്നാണ് പ്രവചനങ്ങള്‍.
Content Highlight: T T Dinakaran’s AMMK party quits NDA alliance