പി.ടിയാണ് കോണ്‍ഗ്രസുകാരുടെ ഹീറോ; വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെതല്ല; അടൂര്‍ പ്രകാശിനെ തള്ളി സിദ്ദീഖ്
കല്‍പ്പറ്റ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ വിമര്‍ശിച്ച് ടി. സിദ്ദീഖ് എം.എല്‍.എ.
നടി ആക്രമിച്ച കേസില്‍ അസുഖബാധിതനായിരുന്ന സമയത്ത് പോലും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നീതിക്കൊപ്പം നിന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസാണ് കോണ്‍ഗ്രസുകാരുടെ ഹീറോയെന്ന് സിദ്ദീഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘നീതിക്കൊപ്പം മാത്രം നിന്ന പി.ടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ വഴികാട്ടി. സുഖബാധിതനായിരിക്കെ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് അതിജീവിതയ്‌ക്കൊപ്പം നിന്ന ഞങ്ങളുടെ പി.ടിയാണ് ഞങ്ങളുടെ ഹീറോ. വ്യക്തിപരമായ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല,’സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
കേസില്‍ കുറ്റവിമുക്തനായ ദിലീപിന് നീതി ലഭിച്ചുവെന്നാണ് അടൂര്‍ പ്രകാശ് ചൊവ്വാഴ്ച രാവിലെ പ്രതികരിച്ചത്. കലാകാരനെന്ന നലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും ദിലീപിന് നീതി ലഭിച്ചു. സര്‍ക്കാര്‍ ദിലീപിന്റെ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു അടൂരിന്റെ പ്രതികരണം.
തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടൂരിന്റെ വാദങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു.
നീതി കിട്ടിയില്ലെന്ന് തോന്നിയെങ്കില്‍ ഉറപ്പായും അതിജീവിതയ്ക്ക് അപ്പീല്‍ പോകാമെന്നും ഇപ്പോള്‍ ശിക്ഷ കിട്ടിയത് നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് മാത്രമാണെന്നുയിരുന്നു കെ. മുരളീധരന്റെ പ്രതികരണം. അടൂര്‍ പ്രകാശ് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടൂരിന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് ഇടത് നേതാക്കളും രംഗത്തെത്തിയിരുന്നു. അതിജീവിതയെ അധിക്ഷേപിക്കുന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ യു.ഡി.എഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അടൂര്‍ പ്രകാശിന്റെ വാക്കുകളിലുള്ളത് സ്ത്രീ വിരുദ്ധതയാണെന്നും യു.ഡി.എഫിന് ഇത് തിരിച്ചടിയാകുമെന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേസിന്റെ അവസാന വാക്കായിട്ടില്ല. പൂര്‍ണമായും സത്യം തെളിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് അതിജീവിതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ നമ്മള്‍ പരിശ്രമിക്കുമ്പോള്‍ ‘സര്‍ക്കാരിന് വേറെ പണിയൊന്നുമില്ലെന്നാണ്’ ആണ് യു.ഡി.എഫ് കണ്‍വീനര്‍ പറയുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ ചൂണ്ടിക്കാട്ടി.
ഒരു മാനുഷിക പരിഗണന പോലും അതീജീവിതയ്ക്ക് കൊടുക്കണമെന്ന് അടൂര്‍ പ്രകാശിന് തോന്നിയില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാര്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അതിജീവിത എടുത്ത നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് ഈ പോരാട്ടങ്ങളെ മുന്നോട്ട് നയിച്ചതെന്നും കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധതയാണ് അടൂര്‍ പ്രകാശിന്റെ വാക്കുകളില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വോട്ടെടുപ്പ് ദിനത്തില്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിന് പിന്നാലെ അടൂര്‍ പ്രകാശ് തന്റെ വാദം തിരുത്തിയിരുന്നു. കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് നിലപാട് തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിജീവിതയ്‌ക്കൊപ്പമാണ് താനെന്നും മാധ്യമങ്ങള്‍ തന്റെ പ്രസ്താവനയുടെ ഒരു വശം മാത്രമാണ് നല്‍കിയതെന്നുമായിരുന്നു അടൂരിന്റെ വാക്കുകള്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: T Siddique against Adoor Prakash