ആലപ്പുഴ: പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും അധ്യാപകനുമായ ടി.എസ്. ശ്യാം കുമാര്‍. രാമലക്ഷ്മണന്മാര്‍ സാമ്പാറും തോരനും കൂട്ടിയല്ല ഭക്ഷണം കഴിച്ചിരുന്നതെന്ന് ശ്യാം കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സസ്യാഹാരമാണ് മനുഷ്യ ശരീരത്തിന് കൂടുതല്‍ അനുയോജ്യമെന്നും എന്നാല്‍ ആളുകളെല്ലാം ഇപ്പോള്‍ മാംസാഹാരമാണ് കഴിക്കുന്നതെന്നും മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ശ്യാം കുമാറിന്റെ എഫ്.ബി പോസ്റ്റ്.
മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ അനുയോജ്യം സസ്യാഹാരമാണെന്ന വിവരം വാല്മീകി രാമായണത്തിലെ ഭരദ്വാജ മഹര്‍ഷിക്ക് അറിയാത്തത് കൊണ്ടായിരിക്കും, തന്റെ ആശ്രമത്തിലെത്തിയ ഭരതനെയും സൈന്യത്തെയും കോഴി, പന്നി എന്നിവയുടെ ഇറച്ചി നല്‍കി അദ്ദേഹം സത്ക്കരിച്ചതെന്നും ശ്യാം കുമാര്‍ പറഞ്ഞു.
ദശരഥന് കുതിരയുടെ ഇറച്ചിയായിരുന്നു ഇഷ്ടമെന്ന് വാല്‍മീകി രാമായണം പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദ്രന് ആടിന്റെ ഇറച്ചിയായിരുന്നു പഥ്യമെന്ന് ഋഗ്വേദം പ്രസ്താവിക്കുന്നുണ്ടെന്നും ശ്യാം കുമാര്‍ പ്രതികരിച്ചു.
സീത ഗംഗക്ക് വഴിപാടായി നേര്‍ന്നത് ഇറച്ചി ചേര്‍ന്ന ചോറാണ്. അതായത് ഇന്നത്തെ നിലക്ക് ബിരിയാണി. കാട്ടില്‍ നിന്ന് ഭക്ഷണത്തിനായി മാനിനെയും രുരുക്കളെയും വധിച്ച് മാംസവുമായി വരുന്ന രാമലക്ഷ്മണന്മാരുടെ ചിത്രം വാല്മീകി വരച്ചിടുന്നുണ്ടെന്നും ടി.എസ്. ശ്യാം കുമാര്‍ പറഞ്ഞു.
അറബി ഭക്ഷണ സംസ്‌കാരം കേരളീയരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പഴയിടം മോഹനന്‍ നമ്പൂതിരി പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇടയ്ക്കിടെ അത്തരം വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അതൊരു ശീലമാക്കുന്നത് നല്ലതല്ല. ഭക്ഷണം കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും അനുയോജ്യമായിരിക്കണമെന്നും പഴയിടം പറഞ്ഞിരുന്നു.
ഭക്ഷണക്രമത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലെന്നും പഴയിടം പരാമര്‍ശിച്ചിരുന്നു. വ്ലോഗര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും ആരോഗ്യം പരിഗണിക്കാതെ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ആളുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: T.S. Syam Kumar against Pazhayaidam Mohanan Namboothiri