തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ ഡോ. സി.എന്‍. വിജയകുമാരി ജാതീയമായി അധിക്ഷേപിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയെ അപലപിക്കുന്നുവെന്ന യോഗക്ഷേമസഭയുടെ പ്രസ്താവനയ്‌ക്കെതിരെ അധ്യാപകനും സമൂഹ്യനിരീക്ഷകനുമായി ടി.എസ്. ശ്യാംകുമാര്‍.
ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പണ്‍ ഡിഫന്‍സില്‍ വിപിന്‍ വിജയന്‍ ഓപ്പണ്‍ ഡിഫന്‍സില്‍ ഒറ്റ ചോദ്യത്തിന് പോലും ഉത്തരം പറഞ്ഞില്ല എന്ന യോഗക്ഷേമസഭയുടെ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു. യോഗക്ഷേമസഭയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്.
സഭ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും വിപിന്‍ വിജയന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി, ഓപ്പണ്‍ ഡിഫന്‍സ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ചെയര്‍മാന്‍ വിപിന്‍ വിജയന് പി.എച്ച്.ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നും ശ്യാംകുമാര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ചെയര്‍മാനാണ് അവസാന വാക്ക് എന്നിരിക്കെ ചെയര്‍മാനെ മറികടന്നു കൊണ്ട് വിപിന് പി.എച്ച്.ഡി നല്‍കരുതെന്ന് പറയാന്‍ വിജയകുമാരിക്ക് യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രബന്ധത്തില്‍ തിരുത്തല്‍ നിര്‍ദേശിക്കാം എന്നല്ലാതെ തെറ്റുകളുടെ പേരില്‍ പി.എച്ച്.ഡി നല്‍കരുതെന്ന് പറയാന്‍ മേധാവിക്ക് യാതൊരു അധികാരവുമില്ലെന്നും ഓപ്പണ്‍ വൈവയുടെ നടപടിക്രമങ്ങള്‍ മനസിലാക്കിയ ശേഷം മാത്രമേ ഇത്തരം പ്രസ്താവന നടത്താന്‍ പാടുള്ളൂവെന്നും ശ്യാംകുമാര്‍ പറഞ്ഞു.
ഇനി അഥവാ ഡോക്ടറേറ്റ് നല്‍കേണ്ട എന്നാണ് തീരുമാനമെങ്കിലും അത് പറയേണ്ടത് വിജയകുമാരി അല്ലെന്നും, ഓപ്പണ്‍ വൈവയുടെ ചെയര്‍മാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ ഉന്നതവിദ്യാസ മന്ത്രി കൈക്കൊണ്ട നിലപാട് തീര്‍ത്തും ശരിയാണെന്നും ശ്യാംകുമാര്‍ പറഞ്ഞു.
‘ഇല്ലാത്ത അധികാരം ഉപയോഗിച്ചും സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചും ജാത്യധിക്ഷേപം നടത്തിയും ഒരു ദളിത് ഗവേഷകന്റെ ഭാവി തകര്‍ക്കാന്‍ ശ്രമിച്ച വിജയകുമാരിയുടെ പ്രവൃത്തികള്‍ തീര്‍ത്തും കുറ്റകരമാണ്.
യോഗക്ഷേമ സഭയുടെ പത്രക്കുറിപ്പ് പൂര്‍ണമായും വസ്തുതാ വിരുദ്ധവും കാര്യങ്ങള്‍ മനസിലാക്കാതെ സ്വജന താത്പര്യം മാത്രം സംരക്ഷിക്കുന്ന കുത്തക – ഹിംസാവാദമാണെന്ന് ഈ ഘട്ടത്തില്‍ പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു കൈക്കൊണ്ട നിലപാട് പൂര്‍ണമായും നീതിയുക്തമാണ്.
ദലിത് സംഘടനകളും നീതിയുടെയും വിപിന്റെയും പക്ഷത്ത് നില്‍ക്കുന്നവരും അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സമരം ചെയ്ത് പിരിഞ്ഞു പോകുന്നതിന് പകരം വളരെ വേഗത്തില്‍ വിപിന്റെ വിഷയത്തില്‍ സര്‍ക്കാരുമായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ആത്യന്തികമായി ഭരണകൂട നിലപാടുകളെ സ്വാധീനിക്കുന്ന ഒന്നായി സവര്‍ണ സംഘങ്ങളുടെ പത്രക്കുറിപ്പ് മാറിത്തീരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: T.S. Shyamkumar against Yogakshema Sabha for supporting Vijayakumari