കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ ദളിത് പ്രസിഡന്റ് ഭരിച്ചിരുന്ന ഓഫീസിന് മുന്നില്‍ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിലെ തെറ്റ് മനസിലാക്കാത്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരെയും വിമര്‍ശിച്ച് സംസ്‌കൃത പണ്ഡിതനും ഗവേഷകനുമായ ടി.എസ്. ശ്യാം കുമാര്‍.
ചെയ്ത പ്രവൃത്തിയുടെ ഹിംസ മനസ്സിലാക്കാന്‍ തയ്യാറാവാത്തതിനെ കുറിച്ച് എന്തു പറയാനെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. തളിച്ചത് ചാണകവെള്ളമാണെന്ന് തെളിയിച്ചാല്‍ ഇനാം നല്‍കുമെന്ന പ്രഖ്യാപനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ, ലീഗ് പ്രവര്‍ത്തകര്‍ തളിച്ചത് ചാണകവെള്ളമാണെന്ന തരത്തില്‍ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, തളിച്ചത് വെള്ളമാണെന്ന് ലീഗ് നേതൃത്വം വെളിപ്പെടുത്തിയിരുന്നു.
ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തളിച്ചത് വെള്ളം മാത്രമാണെന്നും ചാണകവെള്ളമാണെന്ന് തെളിയിച്ചാല്‍ ഒരു ലക്ഷം ഇനാം നല്‍കാമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് വിമര്‍ശനവുമായി ശ്യാം കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും വിഷയത്തില്‍ നിശിതമായ വിമര്‍ശനവുമായി ശ്യാം കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരുന്നു.
‘ശുദ്ധികലശം’ പ്രവൃത്തിയിലൂടെ ലീഗ് പ്രവര്‍ത്തകര്‍ ഇന്ത്യയിലെ ദലിത് ജനവിഭാഗത്തെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്നായിരുന്നു ശ്യാം കുമാറിന്റെ വിമര്‍ശനം.
ജാതിവ്യവസ്ഥയുടെ പുറന്തള്ളല്‍ ഹിംസ ഇന്ത്യയിലെ മറ്റിതര മതവിഭാഗങ്ങളിലുള്‍പ്പെട്ടവരും സ്വാംശീകരിച്ചിട്ടുള്ളതിന്റെ അനന്തരഫലം കൂടിയായി മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ശുദ്ധികലശത്തെ വിലയിരുത്താം.
പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ‘ശുദ്ധികലശം’ നടത്തിയവരുടെ രാഷ്ട്രീയം അയിത്തവും സവര്‍ണതയും അങ്ങേയറ്റത്തെ ഹിംസയും പുലര്‍ത്തുന്ന രാഷ്ട്രീയം തന്നെയാണെന്നും കാലങ്ങളായി ജാതി ഹിന്ദുക്കള്‍ കീഴോര്‍ മനുഷ്യരോട് വെച്ചു പുലര്‍ത്തുന്ന വെറുപ്പിന്റെയും പുറന്തള്ളലിന്റെയും സാംസ്‌കാരിക രാഷ്ട്രീയമാണ് ശുദ്ധികലശം നടത്തിയവര്‍ പിന്‍പറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കോഴിക്കോട് ചങ്ങോരത്തിന് പുറമെ ദളിത് പ്രസിഡന്റ് ഭരിച്ചിരുന്ന പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരണ പ്രവൃത്തി’ നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു നടപടി.
Content Highlight: The constitution should be read; Even though it was not dung that was sprinkled, the aim was to insult; T.S. Shyam Kumar to the Youth League