'ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ 'മലദ്വാര്‍ ഗോള്‍ഡ്'ല്‍ പോകരുത്'; ഹൈക്കോടതി ഉത്തരവ് നില്‍ക്കെ സെന്‍കുമാറിന്റെ വിദ്വേഷ പ്രചരണം
Kerala
'ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ 'മലദ്വാര്‍ ഗോള്‍ഡ്'ല്‍ പോകരുത്'; ഹൈക്കോടതി ഉത്തരവ് നില്‍ക്കെ സെന്‍കുമാറിന്റെ വിദ്വേഷ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2025, 9:48 pm

കോഴിക്കോട്: മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ഡോ. ടി.പി. സെന്‍കുമാര്‍.

ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ മലബാര്‍ ഗോള്‍ഡിലേക്ക് പോകരുതെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ടി.പി. സെന്‍കുമാര്‍ മലബാര്‍ ഗോള്‍ഡിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയത്.

‘ദീപാവലിക്ക് സ്വര്‍ണാഭരണം എടുക്കാന്‍ മലദ്വാര്‍ ഗോള്‍ഡില്‍ പോകാതിരിക്കൂ. അവര്‍ പാകിസ്ഥാന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവര്‍ ബന്ധത്തിലാണ്. ഇനി മുതല്‍ അവരെ ഉപേക്ഷിക്കുക. പണത്തിന് പ്രാധാന്യം നല്‍കുന്ന നമ്മുടെ നടീ നടന്മാര്‍ അവരെ ഇപ്പോഴും പിന്തുണച്ചേക്കാം. പക്ഷെ നമ്മള്‍ അവരെ ഉപേക്ഷിക്കുക. അവരറിയട്ടെ ഇന്ത്യക്കാരന്റെ പ്രതിഷേധം,’ എന്നാണ് സെന്‍കുമാറിന്റെ പോസ്റ്റ്.

എന്നാല്‍ മലബാര്‍ ഗോള്‍ഡിനെതിരായ മുഴുവന്‍ പോസ്റ്റുകളും മെറ്റ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സെന്‍കുമാറിന്റെ വിദ്വേഷ പ്രചരണം. മലബാര്‍ ഗോള്‍ഡ് പാക് അനുകൂലികളാണെന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ നിര്‍ദേശം.

മലബാര്‍ ഗോള്‍ഡ് സമര്‍പ്പിച്ച 442 URL-കള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. നിലവിലുള്ള 442 URLകളും പിന്‍വലിക്കണം, മലബാര്‍ ഗോള്‍ഡിനെതിരായ അപകീര്‍ത്തി പ്രചാരണം അനുവദിക്കരുത്, പ്രചരണം തുടരുകയാണെങ്കില്‍ തെളിവുസഹിതം കോടതിയെ സമീപിക്കാം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ടായിരുന്നത്.

പ്രസ്തുത കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മലബാര്‍ ഗോള്‍ഡിനെതിരെ സെന്‍കുമാര്‍ പ്രചരണം നടത്തുന്നത്. നേരത്തെ ലണ്ടന്‍ ഔട്ട്ലെറ്റിന്റെ പരസ്യത്തിനായി പാക് ഇന്‍ഫ്ലുവന്‍സറെ സമീപിച്ചതിനെ തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണം ഉണ്ടായത്.

യു.കെയിലെ ബെര്‍മിങ്ഹാമില്‍ മലബാര്‍ ഗോള്‍ഡിന്റെ പുതിയ ബ്രാഞ്ച് തുറക്കാന്‍ സ്ഥാപനം പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ വംശജയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അലിഷ്ബ ഖാലിദിനെ മലബാര്‍ ഗോള്‍ഡ് സമീപിച്ചു.

എന്നാല്‍ 2025 ഏപ്രില്‍ 22ന് മുമ്പാണ് മലബാര്‍ ഗോള്‍ഡും അലിഷ്ബയും തമ്മില്‍ സംസാരിച്ചത്. ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്.

ഇക്കാലയളവില്‍ പാക് ഇന്‍ഫ്ലുവന്‍സറായ അലിഷ്ബ ഖാലിദ് ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത്.

സംഭവം കോടതിയുടെ പരിഗണനയിലെത്തിയതോടെ ‘ഇന്ത്യക്കെതിരെ നിലപാടെടുത്തത് മുതൽ പാക് ഇന്‍ഫ്ലുവന്‍സറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു’ എന്ന് മലബാര്‍ ഗോള്‍ഡ് കോടതിയില്‍ അറിയിച്ചിരുന്നു.

Content Highlight: T.P. Senkumar spreading hate against Malabar Gold