സോളാര്‍ സമരം അവസാനിപ്പിച്ച നടപടിക്കെതിരെ ടി.ജെ ചന്ദ്രചൂഡന്‍
Kerala
സോളാര്‍ സമരം അവസാനിപ്പിച്ച നടപടിക്കെതിരെ ടി.ജെ ചന്ദ്രചൂഡന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2013, 2:02 pm

[]തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ച നടപടിക്കെതിരെ ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍. []

സമരം തുടങ്ങാന്‍ ആര്‍ക്കുമാകുമെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് അവധാനതയോടെ ആകണമായി രുന്നെന്നും ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

സമരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ച് പാര്‍ട്ടി വിശദീകരീക്കേണ്ടി വരികയാണെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.

കുറച്ചുകൂടി നേതൃപാഠവം സമരത്തില്‍ കാണിക്കേണ്ടിയിരുന്നു. ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ച രീതി ഒരിക്കലും നന്നായില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ഇന്ന് പല സമരങ്ങളും നടത്തുന്നുണ്ടെങ്കിലും അതൊന്നും ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല. വിജയകരമായി അവസാനിപ്പാക്കാവുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരം പൊടുന്നനെ നിര്‍ത്തിയ രീതി ശരിയായില്ല.

ഇക്കാര്യത്തില്‍ നേതൃത്വം കുറച്ചുകൂടി പക്വത കാണിക്കേണ്ടിയിരുന്നു. അങ്ങനെ കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ യോഗം വിളിച്ച് പാര്‍ട്ടിക്ക് വിശദീകരിക്കേണ്ടി വരില്ലായിരുന്നെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

സമരം പൊടുന്നനെ അവസാനിപ്പിച്ചതിനെ കുറിച്ച് ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇതിനെതിരെ ആരും പരസ്യമായി രംഗത്തെത്തയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് സമരം അവസാനിച്ച രീതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചന്ദ്രചൂഡന്‍ രംഗത്തെത്തിയത്.