ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. ഒരാഴ്ച മുമ്പാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മോഹന്‍ദാസ് യൂട്യൂബ് ചാനലായ പത്രികയിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. തിങ്കളാഴ്ച അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതോടെ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്.
ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് തള്ളിയ ബി.ആര്‍ ഗവായ്‌യുടെ തീരുമാനത്തിനെതിരെ ഹിന്ദുക്കള്‍ പ്രതികരിച്ചില്ലെന്നാണ് മോഹന്‍ദാസ് പറയുന്നത്.
ബി.ആര്‍ ഗവായ് സുപ്രീംകോടതിയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഒരാള്‍ മുഖത്ത് തുപ്പിയാല്‍ അയാള്‍ക്ക് കൂടിപ്പോയാല്‍ ആറ് മാസം തടവ് ശിക്ഷ ലഭിക്കുമായിരിക്കും.
എന്നിട്ടും എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറാകുന്നില്ല. അങ്ങനെയല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ വാഹനം നാല് പേര്‍ ചേര്‍ന്ന് തടയണം. കൂടിപ്പോയാല്‍ വൈകുന്നേരം വരെ പൊലീസ് സ്റ്റേഷനില്‍ പിടിച്ച് നിര്‍ത്തുമായിരിക്കും. എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറാകുന്നില്ലെന്നാണ് മോഹന്‍ദാസ് ‘ഗവായ്ക്ക് ദൈവം കൊടുത്തു’, ‘ഹിന്ദു എന്ത് ചെയ്യും’ എന്നും തലക്കെട്ട് നല്‍കിയിരിക്കുന്ന സെപ്റ്റംബര്‍ 30 ന് പുറത്തെത്തിയ മോഹന്‍ദാസിന്റെ വീഡിയോയില്‍ പറയുന്നു.

ഖജുരാഹോ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ തകര്‍ന്ന തല പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ ഗവായ് ആര്‍ക്കിയോളജി വകുപ്പാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ദൈവത്തോട് തന്നെ നേരിട്ട് പറയൂ, തല പുനസ്ഥാപിക്കപ്പെട്ടേക്കും എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നയാളാണ് താന്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഈ വാക്കുകളെ വിമര്‍ശിച്ച മോഹന്‍ദാസ്, ഗവായ് ബഹുമാനിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഒരു ചുക്കുമില്ല എന്നാണ് പരിഹസിച്ചത്. നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ട മിസ്റ്റര്‍ ഗവായ്. നിങ്ങള്‍ ആരാണെന്നാണ് സ്വയം വിശ്വസിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയപ്പോഴേക്കും ലോകം ഭരിക്കുന്നത് നിങ്ങളാണെന്ന് തോന്നി തുടങ്ങിയോയെന്നും മോഹന്‍ദാസ് ചോദിക്കുന്നു.
സുപ്രീംകോടതി മുറിക്കുള്ളില്‍ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തെ ഇന്ത്യന്‍ ജനത അപലപിക്കുന്നതിനിടെയാണ് മോഹന്‍ദാസിന്റെ വീഡിയോ ചര്‍ച്ചയാകുന്നത്. ചീഫ് ജസ്റ്റിസിന് അബദ്ധം പിണഞ്ഞതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടിരിക്കുന്നത്.



