എഡിറ്റര്‍
എഡിറ്റര്‍
ചുവപ്പ് + കാവി = ? ആര്‍.എസ്.എസ് വാരിക ഉദ്ദേശിക്കുന്നതെന്ത്?
എഡിറ്റര്‍
Tuesday 2nd October 2012 7:21pm

സംഘപരിവാറിനും സി.പി.ഐ.എമ്മിനുമിടയില്‍ മഞ്ഞുരുകുന്നുവെന്ന രീതിയില്‍ ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി ചില കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ മുഖ വാരികയായ കേസരിയില്‍ ടി.ജി മോഹന്‍ദാസ് എഴുതിയ ലേഖനം ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

സൈദ്ധാന്തികവും രാഷ്ട്രീയവുമായ ഏറെ മാനങ്ങള്‍ ഉള്ള ഈ വിഷയം ഡൂള്‍ ന്യൂസ് പൊതു ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു.കേസരിയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

കേരളം കാത്തിരിക്കുന്ന സൗഹൃദം

എസ്സേയിസ് / ടി.ജി മോഹന്‍ദാസ്

ഭാരതത്തില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റുകാരും സംഘ്പരിവാറും തമ്മിലുള്ള ആശയപരവും ശാരീരികവുമായ സംഘര്‍ഷം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മുഖ്യം സി.പി.ഐ.എം തന്നെയാണ്. സംഘപരിവാറില്‍ മുഖ്യം ആര്‍.എസ്.എസ്സും. അതിനാല്‍ സംഘര്‍ഷത്തിന്റ കേന്ദ്രബിന്ദുക്കള്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസുമാണ്. അതുകൊണ്ട് ഈ പ്രകരണത്തില്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസും മുഖാമുഖം നില്‍ക്കുന്ന അവസ്ഥയെയാണ് പരിശോധിക്കുന്നത്.

Ads By Google

കേരളത്തില്‍ ഏറ്റവും അധികം ജനപിന്തുണയും അംഗസംഖ്യയുമുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം. ത്യാഗപൂര്‍ണമായ സംഘടനാ ചരിത്രമാണ് അവര്‍ക്കുള്ളത്. തീയില്‍ വളര്‍ന്ന പ്രസ്ഥാനം എന്ന് നിസ്സംശയം പറയാം. കേരള ചരിത്രത്തില്‍ ദീര്‍ഘകാല ഒളിവുജീവിതം നയിക്കേണ്ടി വന്ന പ്രവര്‍ത്തകര്‍ ഇത്രയധികം മറ്റൊരു സംഘടനയിലും ഉണ്ടാകാനിടയില്ല.

പൊതുജനങ്ങള്‍ക്കിടയില്‍, വിശിഷ്യാ ദരിദ്രന്‍മാര്‍ക്കിടയില്‍ ഇത്രകണ്ട് സ്വാധീനം ചെലുത്തിയ ഒരു ആശയസംഹിത വേറെ കണ്ടിട്ടുമില്ല. അവര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളും ഏറെയായിരുന്നു. നിലപാടുകള്‍ക്ക് ജനസമ്മിതിയില്ലാത്തതുകൊണ്ട് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലുകളും ഭരണകൂടത്തിന്റെ നിഷ്‌ക്കരുണമായ അടിച്ചമര്‍ത്തലുകളും അതിജീവിച്ചുവന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

ഇങ്ങനെ അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മുഖാമുഖം നിന്ന് കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തീപാറുന്ന യുദ്ധത്തിലാണ്

1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ മുഖ്യധാരാ ചിന്താഗതിക്ക് വിരുദ്ധമായി ബ്രിട്ടീഷ് അനുകൂല നിലപാട് എടുക്കേണ്ടി വന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ഫലം തീവ്രമായ ഒറ്റപ്പെടലായിരുന്നു. ദേശീയതയേക്കാള്‍ കൂടുതല്‍ സാര്‍വ ദേശീയതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവരുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാനുള്ള മനസായിരുന്നില്ല പൊതുസമൂഹത്തിന് ഉണ്ടായിരുന്നത്.

പാര്‍ട്ടി അത് തിരിച്ചറിഞ്ഞ് തിരുത്തി വരുമ്പോഴേക്കും കാലം ഒരുപാട് കഴിഞ്ഞിരുന്നു. പക്ഷേ അപ്പോഴും അടിസ്ഥാന വര്‍ഗത്തിന്റെ കറകളഞ്ഞ പിന്തുണ പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. 1948 ല്‍ കല്‍ക്കട്ടാ തീസിസിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളും മറ്റും വീണ്ടും പാര്‍ട്ടിയെ നിരോധനത്തിലാക്കി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിച്ച് കൊണ്ട് അതിനാടകീയമായി 1957 ല്‍ കേരളത്തില്‍ അവര്‍ അധികാരത്തിലെത്തി.

ത്യാഗപൂര്‍ണമായ സംഘടനാ ചരിത്രമാണ് അവര്‍ക്കുള്ളത്. തീയില്‍ വളര്‍ന്ന പ്രസ്ഥാനം എന്ന് നിസ്സംശയം പറയാം

1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചൈനീസ് ചാരന്മാര്‍ എന്ന മുദ്ര വീണു. പ്രമുഖ നേതാക്കള്‍ പലരും ഒളിവിലും ജയിലിലുമായി. 1964 ല്‍ അഭിപ്രായഭിന്നതകളുടെ മൂര്‍ദ്ധന്യത്തില്‍ പാര്‍ട്ടി ഒരു പിളര്‍പ്പിനെ തന്നെ നേരിട്ടു. എന്നാല്‍ പോലും പിളര്‍ന്നുപോയവരെ കൂടെനിര്‍ത്തിക്കൊണ്ട് 1967 ല്‍ ഐക്യമുന്നണി എന്ന കൂട്ടുമന്ത്രി സഭ സി.പി.ഐ.എം സാധിതപ്രായമാക്കി. അങ്ങനെ തങ്ങളുടെ ജനപിന്തുണയ്ക്ക് സാരമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് അവര്‍ തെളിയിച്ചു.

1975 ലെ അടിയന്തിരാവസ്ഥ സി.പി.ഐ.എമ്മിന് മറ്റൊരു പരീക്ഷണമായിരുന്നു. ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം നിരന്തരം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. പല നേതാക്കളും തടങ്കലിലായെങ്കിലും അതും അവര്‍ തരണം ചെയ്തു.

അങ്ങനെ മൊത്തത്തില്‍ വിശകലനം ചെയ്താല്‍ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളെടുക്കുകയും അതിലുറച്ച് നില്‍ക്കുകയും താത്ക്കാലികമായി തിരിച്ചടികളെ സമര്‍ത്ഥമായി അതിജീവിക്കുകയും അത്ഭുതകരമായ തിരിച്ചുവരവുകള്‍ക്കു പ്രാപ്തിയുണ്ടെന്ന് തെളിയിക്കുകയും നിരന്തരമായി ചെയ്തുവരുന്ന ഒരു പ്രസ്ഥാനമാണ് സി.പി.ഐ.എം.

അടുത്ത പേജില്‍ തുടരുന്നു

Advertisement