ടൊവിനോയുടെ മികച്ച പെര്‍ഫോമന്‍സ് പള്ളിച്ചട്ടമ്പിയില്‍ കാണാം; സിനിമ വരാന്‍ സയമെടുത്തത് അതുകൊണ്ട്: ഡിജോ ജോസ് ആന്റണി
Malayalam Cinema
ടൊവിനോയുടെ മികച്ച പെര്‍ഫോമന്‍സ് പള്ളിച്ചട്ടമ്പിയില്‍ കാണാം; സിനിമ വരാന്‍ സയമെടുത്തത് അതുകൊണ്ട്: ഡിജോ ജോസ് ആന്റണി
ഐറിന്‍ മരിയ ആന്റണി
Sunday, 12th April 2026, 7:00 pm

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഏപ്രിലില്‍ റിലീസിനെത്തുന്ന പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോയാണ് പ്രധാനവേഷത്തിലെത്തുന്നത്. ഏപ്രില്‍ 10ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് തീയതി പിന്നീട് ഏപ്രില്‍ 15ലേക്ക് മാറ്റി.

പീരിയഡ് ഡ്രാമയി ഒരുങ്ങുന്ന പള്ളിച്ചട്ടമ്പിയുടെ ടീസറും ട്രെയ്‌ലറും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, വിഷുവിന് വമ്പന്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ഏതാനും വര്‍ഷം മുമ്പ് താനും തിരക്കഥാകൃത്തായ സുരേഷും തമ്മിലുള്ള സംഭാഷണത്തിലാണ് ഈ കഥാ തന്തു ആദ്യം കടന്നുവന്നതെന്ന് അദ്ദേഹം പറയുന്നു.

‘അത് പിന്നീട് തിരക്കഥയാക്കി. എന്റെ ആദ്യ സിനിമയായ ക്വീന്‍ കഴിഞ്ഞ ഉടന്‍ ടൊവിനോയോട് പോയി പറഞ്ഞു. അദ്ദേഹവും ഏറെ താത്പര്യം പ്രകടിപ്പിച്ചതോടെ ആണ് ഈ സിനിമ ചെയ്യാന്‍ ഉറപ്പിക്കുന്നത്. ഒരുപാട് മുന്നൊരുക്കങ്ങള്‍ വേണ്ട സിനിമ ആയിരുന്നു. ഒരു പീരിയഡ് ഡ്രാമ ഴോണറില്‍ പെടുന്ന സിനിമ ചെയ്യുമ്പോള്‍ ആ ഒരു മുന്നൊരുക്കം വേണം.

അതാണ് ഇത്രയും സമയം എടുത്തത്. അതിനടിയില്‍ ഞാന്‍ രണ്ട് സിനിമകള്‍ ചെയ്തു. അപ്പോഴും അന്ന് കഥപറയുമ്പോഴുള്ള അതേ താത്പര്യത്തോടെ ആണ് ഞാനും ടൊവിനോയും അടക്കം എല്ലാവരും ഇപ്പോഴും ഉള്ളത്. ടൊവിനോയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് സിനിമയില്‍ കാണാം. ഏറ്റവും മികച്ച രീതിയില്‍ സിനിമ വന്നിട്ടുണ്ടെന്നാണ് വിശ്വാസം,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.

പള്ളിച്ചട്ടമ്പി ഒരു സാങ്കല്പിക നാടിന്റെ കഥയാണെന്നും 1950-60 കളിലെ ആ ഒരുകാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് ഒരു കഥ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ചട്ടം അറിയുന്നവന്‍ എന്നതാണ് ചട്ടമ്പി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അക്കാലത്ത് ‘മാസ്റ്റര്‍’ എന്ന രീതിയില്‍ ആണ് ചട്ടമ്പി എന്ന് ആള്‍ക്കാരെ വിശേഷിപ്പിച്ചിരുന്നതെന്നും ഒരു നാടിന്റെ നായകന്റെ കഥ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാമെന്നും ഡിജോ ജോസ് ആന്റണി കൂട്ടിച്ചേര്‍ത്തു.

മധ്യതിരുവിതാംകൂറിലെ കുന്നുംപുറം എന്ന ഗ്രാമത്തിലാണ് പള്ളിച്ചട്ടമ്പിയുടെ കഥ വികസിക്കുന്നത്. ഗ്രാമത്തിലെ പള്ളിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ വേണ്ടി അന്നാട്ടിലെ പള്ളിക്കമ്മിറ്റിയും നാട്ടുകാരും കൂടി ഒരു ചട്ടമ്പിയെ കൊണ്ടുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് പള്ളിച്ചട്ടമ്പിയുടെ കഥ.

സിനിമയില്‍ ടൊവിനോക്ക് പുറമെ വിജയരാഘവന്‍, സുധീര്‍ കരമന, നിഹാല്‍, ജോണി ആന്റണി, ടി.ജി. രവി, ബാബുരാജ്, അലക്സാണ്ടര്‍ പ്രശാന്ത്, കയാദു ലോഹര്‍ എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Dijo Jose Antony says  audience  will see Tovino Thomas’s best performance in Pallichattambi 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.