തിരുവനന്തപുരം: മധ്യപ്രദേശില്‍ ഒമ്പത് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയതായി കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് നടപടി.
ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിലോ ആശുപത്രികളിലോ വില്‍പ്പന നടത്തരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ഒമ്പത് കുട്ടികള്‍ മരിക്കാനിടയായത് വിഷാംശം കലര്‍ന്ന കോള്‍ഡ്രിഫ് എന്ന മരുന്ന് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. രാസവസ്തുവായ ഡൈഎത്തിലീന്‍ ഗ്ലൈക്കോണ്‍ (DEG) അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നടത്തിയ പരിശോധനയിലും സിറപ്പില്‍ അധിക അളവില്‍ രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി.
തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് നിര്‍മിക്കുന്നത്. കമ്പനിയുടെ എല്ലാ മരുന്നുകളും മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. മരിച്ച ഒമ്പത് കുട്ടികളും സിറപ്പ് കഴിച്ചിരുന്നെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒക്ടോബര്‍ നാലിന് മധ്യപ്രദേശ് സര്‍ക്കാരിന് തമിഴ്നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഈ സ്ഥിരീകരണം.
കോള്‍ഡ്രിഫ് സിറപ്പില്‍ (ബാച്ച് നമ്പര്‍ 13, 2025 മെയില്‍ നിര്‍മിച്ച് 2027 ഏപ്രിലില്‍ കാലഹരണപ്പെടുന്നത്) മായം ചേര്‍ന്നിട്ടുണ്ടെന്നും മരുന്നിന് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ഗ്ലൈക്കോള്‍ ഉണ്ടെന്നും ഇത് കഴിച്ചാല്‍ ഗുരുതരമായ വൃക്ക രോഗങ്ങള്‍ക്കും മരണത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മരുന്ന് നിരോധിച്ചിരുന്നു. മാത്രമല്ല ശ്രേസന്‍ നിര്‍മിക്കുന്ന എല്ലാ മരുന്നുകളുടേയും വില്‍പ്പന നിരോധിക്കുന്നത് വ്യാപിപ്പിച്ചു.