ഒരു ദശകത്തിന് ശേഷം സിറിയന്‍ പ്രസിഡന്റ് സൗദിയിലെത്തി; വിമര്‍ശിച്ച് ഖത്തറും യു.എസും
World News
ഒരു ദശകത്തിന് ശേഷം സിറിയന്‍ പ്രസിഡന്റ് സൗദിയിലെത്തി; വിമര്‍ശിച്ച് ഖത്തറും യു.എസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 10:58 am

ജിദ്ദ: അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വ്യാഴാഴ്ച സൗദി അറേബ്യയിലെത്തി. സിറിയന്‍ പ്രസിഡന്റിന്റെ 2010ന് ശേഷമുള്ള ആദ്യ സൗദി സന്ദര്‍ശനമാണിതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അസദിനെ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയിത്തും ചേര്‍ന്ന് സ്വീകരിച്ചു.

ഉച്ചകോടിയിലേക്കുള്ള സല്‍മാന്‍ രാജാവിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അസദ് രാജ്യം സന്ദര്‍ശിക്കുന്നതെന്ന് സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍-സുദൈരി കഴിഞ്ഞയാഴ്ചയാണ് ക്ഷണക്കത്ത് കൈമാറിയതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സിറിയയെ ലീഗിലേക്ക് തിരിച്ചെടുക്കുന്നതിനെ അമേരിക്ക വിമര്‍ശിച്ചു. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള അസദിന്റെ സന്നദ്ധതയെക്കുറിച്ച് ചോദ്യങ്ങള്‍ നിലനില്‍ക്കെ, ദമാസ്‌കസിനെ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും യു.എസ് പറഞ്ഞു.

യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സിറിയയുടെയും അസദിന്റെയും പുനരധിവാസത്തിനായി പ്രേരിപ്പിക്കുമ്പോള്‍ തന്നെ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണ്. സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരമില്ലാതെ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ പോകരുതെന്ന് ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടി അറബ് ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് അസദ് പറഞ്ഞതായി സന റിപ്പോര്‍ട്ട് ചെയ്തു.

2005ല്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ലെബനനിലെ രാഷ്ട്രീയ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ 2010 ഒക്ടോബറിലാണ് അസദ് സൗദിയിലെത്തിയത്. അന്തരിച്ച അബ്ദുള്ള രാജാവുമായാണ് അന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

സൗദി അറേബ്യയുമായി അടുപ്പമുള്ള സാദ് ഹരീരിയും, സിറിയന്‍ ഗവണ്‍മെന്റും ഇറാനും പിന്തുണക്കുന്ന ഹിസ്ബുള്ള പ്രസ്ഥാനവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്ന് ലബനനെ പിന്തിരിപ്പിക്കാന്‍ അസദും അബ്ദുല്ല രാജാവും 2010 ജൂലൈയില്‍ ബെയ്‌റൂട്ട് സന്ദര്‍ശിച്ചിരുന്നു.

അറബ് ലോകത്തുടനീളമുള്ള ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജനകീയ പ്രതിഷേധത്തെ സൈന്യം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന്, 2011 നവംബറില്‍ അറബ് ലീഗിലെ സിറിയയുടെ അംഗത്വം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. പിന്നാലെ വര്‍ഷങ്ങളോളം അസദുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെ സൗദി അറേബ്യ എതിര്‍ത്തിരുന്നു. സമീപകാലത്തെ സിറിയ-ഇറാന്‍ അനുരഞ്ജനത്തിന് ശേഷം ദമാസ്‌കസുമായി ഒരു പുതിയ സമീപനം ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്.

തുടര്‍ന്ന് മെയ് ഏഴിന് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ സിറിയയെ പാന്‍-അറബ് ഓര്‍ഗനൈസേഷനിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം പാസാക്കി. അതോടൊപ്പം അസദുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രാദേശിക മുന്നേറ്റവും ശക്തിപ്പെടുത്തി.

അറബ് ലീഗ് മീറ്റിങ്ങുകളില്‍ സിറിയയുടെ പങ്കാളിത്തം ഉടന്‍ പുനരാരംഭിക്കാമെന്ന് അറിയിച്ചെങ്കിലും, ആ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായുണ്ടായ അഭയാര്‍ത്ഥികളുടെ പലായനത്തിനും മയക്കുമരുന്ന് കള്ളക്കടത്തിനും പരിഹാരം കാണാനും യൂണിയന്‍ ആവശ്യപ്പെടുന്നുണ്ട്.

content highlights: Syria’s Bashar al-Assad arrives in Saudi Arabia for arab league meet