റുക്ബാന്‍ അടച്ചുപൂട്ടിയത് മുന്‍ ഭരണകൂടത്തിന്റെ യുദ്ധതന്ത്രം സൃഷ്ടിച്ച ദുഃഖകരമായ ഒരു അധ്യായത്തിന്റെ അവസാനമാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍-മുസ്തഫ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ കുറേ കാലങ്ങളായി ക്യാമ്പിലെ മോശം സാഹചര്യങ്ങള്‍ മൂലം റുക്ബാനെ നിയന്ത്രിക്കുന്നവര്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് 2011ല്‍ സ്ഥാപിതമായ ക്യാമ്പാണ് റുക്ബാന്‍.
തുടക്കത്തില്‍ ഒരു ലക്ഷത്തോളം ആളുകളാണ് ഈ ക്യാമ്പില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഭക്ഷണം ഉള്‍പ്പെടെ തടസപ്പെട്ടതോടെ നിരവധി ആളുകള്‍ കള്ളക്കടത്തുകാരുടെ സഹായത്തോടെ സിറിയയിലെ മറ്റു പല ഭാഗങ്ങളിലേക്കും അതിര്‍ത്തിക്കപ്പുറത്തേക്കും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘റുക്ബാന്‍ വെറുമൊരു ക്യാമ്പ് മാത്രമായിരുന്നില്ല. ഉപരോധത്തിന്റെയും പട്ടിണിയുടെയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച ഇടമായിരുന്നു. തരിശായ ഒരു മരുഭൂമിയിലേക്കാണ് സര്‍ക്കാര്‍ ജനങ്ങളെ ഇറക്കിവിട്ടത്,’ ക്യാമ്പ് വിട്ടിറങ്ങിയ മുസ്തഫ പറഞ്ഞു.
2016ല്‍ ജോര്‍ദാന്‍ അതിര്‍ത്തി അടച്ചുപൂട്ടിയതും ക്യാമ്പിലെ അംഗസംഖ്യ കുറയാന്‍ കാരണമായി. ക്യാമ്പില്‍ താമസിച്ചിരുന്ന കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും തടസപ്പെട്ടു. കുടിവെള്ളം, ടോയ്‌ലെറ്റ് എന്നീ സൗകര്യങ്ങളില്ലാത്ത താത്കാലിക ടെന്റുകളിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്.
2024 ഡിസംബറില്‍ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള സായുധ സംഘം അസദ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ഭൂരിഭാഗം ആളുകള്‍ ക്യാമ്പ് വിട്ടത്.
ഡിസംബര്‍ മുതല്‍ ഏകദേശം 1.87 ദശലക്ഷം സിറിയക്കാര്‍ അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തി കടന്ന സിറിയക്കാരില്‍ പലരും രാജ്യത്ത് തിരിച്ചെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.