മാര്‍പാപ്പയെ ബോക്‌സിങ്ങിന് വിളിച്ച് സില്‍വസ്റ്റര്‍ സ്റ്റാലോണ്‍; വീഡിയോ
World News
മാര്‍പാപ്പയെ ബോക്‌സിങ്ങിന് വിളിച്ച് സില്‍വസ്റ്റര്‍ സ്റ്റാലോണ്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 11:11 am

ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് കുടുംബത്തോടൊപ്പം വത്തിക്കാനിലെത്തി സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. വത്തിക്കാന്‍ ന്യൂസ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പങ്കാളിയേയും മക്കളേയും സഹോദരനേയും മാര്‍പാപ്പക്ക് പരിചയപ്പെടുത്തിയ സ്റ്റാലോണ്‍ തിരക്കേറിയ ദിവസത്തില്‍ നിന്നും കുറച്ചുസമയം മാറ്റിവെച്ചതിന് മാര്‍പാപ്പയോട് നന്ദി പറഞ്ഞു. ഞാന്‍ നിങ്ങളുടെ സിനിമ കണ്ടാണ് വളര്‍ന്നത് എന്നാണ് മാര്‍പാപ്പ ഇതിനോട് പ്രതികരിച്ചത്. ഉടനെ സ്റ്റാലോണ്‍ മുഷ്ടി ചുരുട്ടി റെഡിയാണോ എന്ന് ചോദിച്ചു. ഉടന്‍ തന്നെ മാര്‍പാപ്പയും മുഷ്ടി ചുരുട്ടുകയായിരുന്നു.

തന്നെ ലോകപ്രശസ്തനാക്കിയ റോക്കി എന്ന കഥാപാത്രത്തിന്റെ റഫറന്‍സായിരുന്നു സ്റ്റാലോണ്‍ ഇവിടെ ഉപയോഗിച്ചത്. റോക്കി സീരിസില്‍ 1976ല്‍ പുറത്തുവന്ന ആദ്യ ചിത്രത്തിന് ഓസ്‌കാര്‍ ലഭിച്ചിരുന്നു. ആറ് ചിത്രങ്ങളാണ് റോക്കി സീരിസില്‍ സില്‍വര്‍ സ്റ്റാലോണിനെ നായകനാക്കി പുറത്ത് വന്നിട്ടുള്ളത്.

അതേസമയം സ്ലെ എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്റ്റാലോണിന്റെ ഡോക്യുമെന്ററി റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തോം സിമ്‌നി സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നവംബറിലാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Sylvester Stallone calls the Pope to boxing; Video