സിഡ്‌നി ടെസ്റ്റ് സമനിലയില്‍; ഇന്ത്യയ്ക്ക് ഓസീസ് മണ്ണില്‍ ആദ്യ പരമ്പര വിജയം
INDIA VS AUSTRALIA
സിഡ്‌നി ടെസ്റ്റ് സമനിലയില്‍; ഇന്ത്യയ്ക്ക് ഓസീസ് മണ്ണില്‍ ആദ്യ പരമ്പര വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th January 2019, 9:22 am

സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. അവസാന ടെസ്റ്റ് മഴമൂലം സമനിലയിലായതോടെയാണ് ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കിയത്.

അവസാന ദിനമായ ഇന്ന് മഴമൂലം കളി ആരംഭിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യമായാണ് ടെസ്റ്റ് പരമ്പര നേടുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (77), രവീന്ദ്ര ജഡേജ (81) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

ALSO READ: എ.എഫ്.സി കപ്പ്: നാട്ടുകാരുടെ മുന്നില്‍ തായ്‌ലന്റിന്റെ വലനിറച്ച് ഇന്ത്യ

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് എല്ലാവരും പുറത്തായി. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷമിയും ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തു. ബുംറയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍സ്‌കോംബ് (111 പന്തില്‍ 37), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്സല്‍വുഡ് (45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

ALSO READ: മെസ്സിയെ മറികടന്നു, ഛേത്രിയ്ക്ക് മുന്നില്‍ ഇനി ക്രിസ്റ്റ്യാനോ മാത്രം

ഫോളോ ഓണിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയിലായിരുന്നു.

പൂജാരയുടെ ബാറ്റിംഗാണ് പരമ്പരയിലുടനീളം ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മികച്ച് നിന്നത്. 3 സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും നേടിയ പൂജാര ദ്രാവിഡിന്റെ പിന്‍ഗാമിയാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഓസീസ് മണ്ണില്‍ കാഴ്ചവെച്ചത്.

ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരവും പൂജാര തന്നെ. നായകന്‍ കോഹ്‌ലി, ഋഷഭ് പന്ത്, മയാങ്ക് അഗര്‍വാള്‍ എന്നിവരും മികച്ച് നിന്നു.

വേഗമറിയ ഓസീസ് പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തകര്‍ത്താടുന്ന കാഴ്ചയ്ക്കും ഈ പരമ്പര സാക്ഷിയായി. ബുംറ-ഷമി-ഇശാന്ത്-ഉമേഷ് സഖ്യം ഇന്ത്യക്കായി മികച്ച പ്രകടനം നേടി. ആദ്യ ടെസ്റ്റില്‍ അശ്വിനും അവസാന ടെസ്റ്റില്‍ കുല്‍ദീപും നടത്തിയ പ്രകടനം സ്പിന്‍ ഡിപ്പാര്‍ട്‌മെന്റും മോശമല്ലെന്ന് തെളിയിച്ചു.

WATCH THIS VIDEO: