എ.എഫ്.സി കപ്പ്: നാട്ടുകാരുടെ മുന്നില്‍ തായ്‌ലന്റിന്റെ വലനിറച്ച് ഇന്ത്യ
2019 AFC Asian Cup
എ.എഫ്.സി കപ്പ്: നാട്ടുകാരുടെ മുന്നില്‍ തായ്‌ലന്റിന്റെ വലനിറച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th January 2019, 9:00 pm

എ.എഫ്.സി കപ്പിലെ ആദ്യ മത്സരത്തില്‍ തായ്‌ലാന്റിന്റെ ഗോള്‍വല നിറച്ച് ഇന്ത്യ. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളിന്റെ മികവില്‍ 4-1നാണ് ഇന്ത്യ തായ്‌ലാന്റിനെ തകര്‍ത്തത്. മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരുള്‍ക്കൊള്ളുന്ന അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലായിരുന്നു കളി.

27ാംമിനുട്ടില്‍ ഛേത്രിയാണ് ആദ്യ ഗോള്‍നേടിയത്. പെനാല്‍റ്റിബോക്‌സില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനിടെ പന്ത് തായ് താരത്തിന്റെ കൈയില്‍ തട്ടിയപ്പോള്‍ റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. തുടര്‍ന്ന് കിക്കെടുത്ത ഛേത്രി ഗോള്‍ നേടുകയായിരുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ തായ്‌ലാന്റ് തിരിച്ചടിച്ചു. 33ാം മിനുട്ടില്‍ തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റന്‍ ഡാങ്ഡ വലയിലെത്തിച്ചു.

രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മറ്റു ഗോളുകള്‍ പിറന്നത്. 46ാം മിനുട്ടില്‍ ആഷിഖ് തട്ടി നല്‍കിയ പന്ത് ഛേത്രി ഗോളാക്കി. 68ാം മിനുട്ടിലാണ് മൂന്നാം ഗോള്‍ പിറന്നത്. 76ാം മിനുട്ടില്‍ ആഷിഖിന് പകരക്കാരനായെത്തിയ ജെജെ ലാല്‍പെഖുവ ഇന്ത്യയുടെ നാലാം ഗോള്‍ നേടി.