കെ.കെ രമയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങളുമായി 'സൈബര്‍ സഖാക്കള്‍'
Kerala News
കെ.കെ രമയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങളുമായി 'സൈബര്‍ സഖാക്കള്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th February 2018, 7:17 pm

കോഴിക്കേട്: അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാടുകളുടെ പേരില്‍ ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയ്‌ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി സിപി.ഐ.എം അനുഭാവികള്‍. വടകരയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്‌ക്കെതിരായ സൈബര്‍ ആക്രമണം.

യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് സി.പി.ഐ.എം അനുഭാവികള്‍ അശ്ലീല പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട മുന്‍ നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ രമയ്‌ക്കെതിരെ ഇതിനു മുന്നേയും വിവിധ സമയങ്ങളില്‍ ഇത്തരത്തില്‍ സൈബര്‍ ആക്മണങ്ങള്‍ നടന്നിരുന്നു.

വാലന്റൈന്‍സ് ഡേ യില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി.വേണുഗോപാല്‍ എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.എസ് ഹരിഹരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍മീഡിയയിലൂടെ വനിതാ നേതാവിനെ അധിക്ഷേപിച്ചുള്ള പ്രചരണങ്ങള്‍ നടക്കുന്നത്.

“സ്വന്തം ഭര്‍ത്താവിന്റെ മരണം കൊണ്ട് നേതാവായ മുതലാളി ചേച്ചി”, ആര്‍.എം.പി കോണ്‍ഗ്രസിനുള്ളതാണെങ്കില്‍ രമ ചെന്നിത്തലയ്ക്ക് ഉള്ളതാണ്”, “പടക്കം രമയുടെ കളി കാണാന്‍ ഇരിക്കുന്നതേ ഉള്ളു കമ്പനി”, അമ്പത്തിയൊന്നു വെട്ടുകള്‍കൊണ്ട് കോടികള്‍ സമ്പാദിച്ച ചേച്ചി”, പ്രണയദിനത്തില്‍ രമചേച്ചിയുടെ ഇഷ്ടം തുറന്നു പറഞ്ഞു എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ രമേശേട്ടാ ഐ ലവ് യൂന്ന്”, തൈവെച്ച പറമ്പത്തെ നൈറ്റ് ക്ലാസിന്റെ ഗുണ മൂപ്പര് കാണിക്കുന്നുണ്ട്” എന്നിങ്ങനെയാണ് സോഷ്യല്‍മീഡിയയിലുയര്‍ന്നിരിക്കുന്ന കമന്റുകള്‍.