ബുര്‍ഖ നിരോധിക്കാനുള്ള നീക്കം ശക്തമാവുന്നു; സ്വിറ്റ്‌സാര്‍ലാന്റില്‍ അഭിപ്രായ വോട്ടെടുപ്പ് മാര്‍ച്ച് ഏഴിന്
World News
ബുര്‍ഖ നിരോധിക്കാനുള്ള നീക്കം ശക്തമാവുന്നു; സ്വിറ്റ്‌സാര്‍ലാന്റില്‍ അഭിപ്രായ വോട്ടെടുപ്പ് മാര്‍ച്ച് ഏഴിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 8:46 am

ബേണ്‍: ബുര്‍ഖ ധരിക്കുന്നതിന് നിരോധിക്കുന്നതിനുള്ള അഭിപ്രായ വോട്ടെടുപ്പിനൊരുങ്ങി സ്വിറ്റ്‌സാര്‍ലാന്റ്. രാജ്യത്തെ ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് ഹിതപരിശോധന നടക്കുന്നത്. മാര്‍ച്ച് ഏഴിനാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുക.

മുസ്‌ലിം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള പ്രദേശങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്നാണ് ഈ ആവശ്യവുമായെത്തിയ എഗര്‍കിംഗര്‍ കമ്മിറ്റി എന്ന സംഘടനയുടെ ആവശ്യം.

എന്നാല്‍ ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് നേരത്തേ ജനങ്ങളോട് സ്വിസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധനയില്‍ നിന്നും പിന്മാറണമെന്ന് സ്വിസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

സ്വിറ്റ്സര്‍ലാന്‍ഡിന്റെ നിയമപ്രകാരം 100,000 ഒപ്പുകളുടെ പിന്തുണയുമായി എത്തുന്ന ഏത് ഹരജിയും ഹിതപരിശോധനക്ക് എടുക്കും. ഈ ചട്ടപ്രകാരമാണ് ബുര്‍ഖാനിരോധനത്തിനുള്ള ഹിതപരിശോധനയും നടക്കുന്നത്.

രാജ്യത്തെ സംഘടനകളുടെ നടപടി ഇസ്‌ലാം വിരുദ്ധമാണെന്ന വിമര്‍ശനങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെ നിഖാബ്, ബുര്‍ഖ, മറ്റ് മൂടുപടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ സുരക്ഷാ ആശങ്കകള്‍ കാരണമാണ് നിരോധനം കൊണ്ടുവരുന്നതെന്നാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ മറുപടി. നേരത്തേ രാജ്യത്ത് പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കാനുള്ള വോട്ടെടുപ്പിലും സ്വിസ് വോട്ടര്‍മാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഈ വോട്ടെടുപ്പുണ്ടായത് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

സ്വിറ്റ്സര്‍ലാന്‍ഡിലെ ചില പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിലൂടെ നേരത്തേത്തന്നെ മുഖം മുഴുവന്‍ മൂടുന്ന ആവരണങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി ഭരണഘടനാപ്രകാരമുള്ള നിരോധനം കൊണ്ടുവരുന്നത് നല്ല കാര്യമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

സ്വിറ്റ്സര്‍ലാന്‍ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജനീവാ തടാകപരിസരത്തുള്ള മോണ്‍ട്രെക്സ്, ഇന്റര്‍ലേക്കന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഗള്‍ഫില്‍ നിന്നും നിരവധി മുസ് ലിം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. നിരോധനം ഇത്തരം സഞ്ചാരികള്‍ രാജ്യത്തേക്ക് വരാതിരിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലും നിലവില്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Switzerland moves to ban burqa