'ഒരു മിനിറ്റില്‍ വേദനയില്ലാത്ത മരണം'; 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമസാധുത
World News
'ഒരു മിനിറ്റില്‍ വേദനയില്ലാത്ത മരണം'; 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമസാധുത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th December 2021, 3:00 pm

ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്.

ഉള്ളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് മെഷീന്‍ തയാറാക്കിയിരിക്കുന്നത്. അഥവാ മെഷീനുള്ളില്‍ കയറിയാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ കണ്ണിന്റെ ചലനം കൊണ്ടും മെഷീന്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഉപയോഗിക്കുന്ന ആളുടെ സൗകര്യത്തിനനുസരിച്ച് മെഷീന്‍ എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാം.

ഡോ. ഫിലിപ് നിറ്റ്ഷ്‌കെ ആണ് മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. ‘ഡോക്ടര്‍ ഡെത്ത്’ എന്നാണ് ഇദ്ദേഹത്തെ ഇതുകാരണം വിശേഷിപ്പിക്കുന്നത്.

ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ കാപ്‌സ്യൂളിനുള്ളിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുകയും നൈട്രജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് മെഷീന്റെ പ്രവര്‍ത്തനം. ഇതോടെ ക്യാപ്‌സൂളിനുള്ളിലെ വ്യക്തിയ്ക്ക് ബോധം നഷ്ടപ്പെടുകയും വൈകാതെ മരിക്കുകയുമാണ് ചെയ്യുക.

ചുമയോ മറ്റുതരത്തിലുള്ള പരിഭ്രാന്തിയോ മരണസമയത്ത് ഇത് കാരണം ഉണ്ടായിരിക്കില്ല.

ഈ പ്രക്രിയകള്‍ക്ക് ശേഷം മെഷീന്റെ ബേസില്‍ നിന്നും ബയോഡീഗ്രേഡബിള്‍ ക്യാപ്‌സ്യൂള്‍ വേര്‍പെടുകയും അത് തന്നെ മരിച്ചയാളുടെ ശവപ്പെട്ടിയായി മാറുകയുമാണ് ചെയ്യുക.

അതേസമയം മെഷീന്‍ ഉപയോഗിച്ചിരിക്കുന്ന രീതിക്കെതിരെ ദയാവധത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്.

ദയാവധം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമവിധേയമല്ല. എന്നാല്‍ ചില മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരാൾക്ക് സ്വയം വിഷം കുത്തിവെച്ച് ആത്മഹത്യചെയ്യാം.  ഈ രീതിയെ അസിസ്റ്റഡ് സൂയിസൈഡ് (Assisted Suicide) എന്നാണ് വിശേഷിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Switzerland legalized a machine that promises painless death in less than one minute