ബേണ്‍: ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സുകള്‍ റദ്ദാക്കി സ്വിറ്റ്സര്‍ലന്റ്.
രാജ്യത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ‘നിഷ്പക്ഷത’ തത്വം ഉയര്‍ത്തിപ്പിടിച്ചാണ് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഇറാന്‍ യുദ്ധവുമായി നേരിട്ട് ബന്ധമുള്ള യു.എസ് സൈനിക വിമാനങ്ങള്‍ക്ക് സ്വിസ് വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ആയുധ കയറ്റുമതിക്കും രാജ്യം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാനുമായി സായുധ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് യുദ്ധസാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നത് സംഘര്‍ഷം നിലനില്‍ക്കുന്ന കാലയളവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്വിസ് സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
1996ല്‍ അംഗീകരിച്ച സ്വിസ് ഫെഡറല്‍ ആക്ട് പ്രകാരം, യുദ്ധസാമഗ്രികളുടെയും അനുബന്ധ സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിന് മനുഷ്യാവകാശങ്ങളും നിഷ്പക്ഷതയും അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ ലൈസന്‍സിങ് ആവശ്യമാണ്.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്‍മ്മിക്കുന്ന തോക്കുകള്‍, മിസൈലുകള്‍, ടാങ്കുകള്‍ അല്ലെങ്കില്‍ അവ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവ മറ്റൊരു രാജ്യത്തിന് വില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം.
ആയുധം വാങ്ങുന്ന രാജ്യം അത് സ്വന്തം ജനങ്ങള്‍ക്കെതിരെയോ അല്ലെങ്കില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കോ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ സ്വിറ്റ്സര്‍ലന്റ് ആയുധം നല്‍കില്ല.
ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയിലേക്ക് പുതിയ കയറ്റുമതി ലൈസന്‍സുകളൊന്നും അനുവദിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
യു.എസ് സൈനിക വിമാനങ്ങള്‍ സ്വിസ് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍, ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വ്യോമാര്‍തിര്‍ത്തി ഉപയോഗിക്കുന്നതിനായി അമേരിക്ക സമര്‍പ്പിച്ച അഞ്ച് അപേക്ഷകളില്‍ രണ്ടെണ്ണം സ്വിറ്റ്സര്‍ലന്റ് നിരസിച്ചിരുന്നു. നിഷ്പക്ഷതാ നിയമപ്രകാരം മറ്റ് മൂന്ന് വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്.
നിലവില്‍ അമേരിക്കയ്ക്ക് നല്‍കിയിട്ടുള്ള ആയുധ ലൈസന്‍സുകള്‍ ഇനി മുതല്‍ വിദഗ്ധരുടെ ഒരു സമിതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിഷ്പക്ഷതാ നിയമപ്രകാരം കൂടുതല്‍ കര്‍ശന നടപടികള്‍ ആവശ്യമുണ്ടോ എന്ന് ഈ സമിതി വിലയിരുത്തും.
ഇസ്രഈലിലേക്കും ഇറാനിലേക്കും യുദ്ധസാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നതിന് വര്‍ഷങ്ങളായി സ്വിറ്റ്സര്‍ലന്റ് കൃത്യമായ ലൈസന്‍സുകള്‍ നല്‍കുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇസ്രഈലിന്റെ കാര്യത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
സ്വിസ് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. കഴിഞ്ഞ വര്‍ഷം മാത്രം 119 മില്യണ്‍ ഡോളറിന്റെ (94.2 മില്യണ്‍ സ്വിസ് ഫ്രാങ്ക്) ആയുധങ്ങളാണ് സ്വിറ്റ്സര്‍ലന്റ് അമേരിക്കയ്ക്ക് വിറ്റത്.
നേരത്തെ, 2003ലെ ഇറാഖ് അധിനിവേശ സമയത്തും സ്വിറ്റ്സര്‍ലന്റ് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. കൂടാതെ, റഷ്യ-ഉക്രൈയ്ന്‍ യുദ്ധവേളയില്‍ സ്വിസ് നിര്‍മ്മിത ഉപകരണങ്ങള്‍ ഉക്രൈയിനിലേക്ക് അയക്കുന്നതില്‍ നിന്നും സഖ്യകക്ഷി രാജ്യങ്ങളെ സ്വിറ്റ്സര്‍ലന്റ് തടഞ്ഞിരുന്നു.
ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്താക്രമണം മൂന്നാഴ്ചയോടടുക്കുമ്പോള്‍ പശ്ചിമേഷ്യയിലാകെ വലിയ മാനുഷിക പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ആഗോളതലത്തില്‍ ഊര്‍ജ്ജ വില കുതിച്ചുയരാനും ഈ സംഘര്‍ഷം കാരണമായിട്ടുണ്ട്.
Content Highlight: Switzerland halts US arms exports amid Iran war, citing neutrality