ഇറാനിലെ സ്വിസ് എംബസി സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി; അപകടത്തിനിടയായ സാഹചര്യം വ്യക്തമല്ലെന്ന് ഇറാന്‍
World News
ഇറാനിലെ സ്വിസ് എംബസി സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി; അപകടത്തിനിടയായ സാഹചര്യം വ്യക്തമല്ലെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 7:06 pm

ടെഹ്‌റാന്‍: ഇറാനിലെ സ്വിസ് എംബസി സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി. ടെഹ്‌റാനില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ മുകള്‍നിലയില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ഈ ഉദ്യോഗസ്ഥ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ സ്വിസ് എംബസിയിലെ ആദ്യ സെക്രട്ടറിയാണ് മരിച്ച ഉദ്യോഗസ്ഥ.

ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

ഉദ്യോഗസ്ഥ വീടിന് മുകളില്‍ നിന്നും വീഴാനിടയായ സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമായിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഇറാന്‍ പ്രതിനിധികള്‍ അറിയിച്ചു.

മരിച്ച വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെയാണ് സ്വിറ്റ്‌സര്‍ലന്റ് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥ മരിച്ച വിവരം സ്ഥിരീകരിച്ചത്. വിദേശകാര്യ മന്ത്രാലയവും വകുപ്പ് തലവനായ ഫെഡറല്‍ കൗണ്‍സിലര്‍ ഇഗ്നാസിയോ കാസിസും അപകടവിവരമറിഞ്ഞതിന്റെ ഞെട്ടലിലാണെന്നും ഉദ്യോഗസ്ഥയുടെ കുടുംബത്തിന് അനുശോചനങ്ങള്‍ അറിയിക്കുകയാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ നിലച്ചതോടെ സ്വിറ്റ്‌സര്‍ലന്റാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കണ്ണിയാകാറുള്ളത്. അമേരിക്കയുടെ നയതന്ത്ര പോളിസികള്‍ ഇറാനെ അറിയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും സ്വിറ്റ്‌സര്‍ലന്റാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swiss Diplomat In Iran Found Dead After Fall From Residential Building