ഓര്‍ഡറിന് രണ്ട് രൂപ അധികം നല്‍കണം; പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ച് സ്വിഗ്ഗി
India
ഓര്‍ഡറിന് രണ്ട് രൂപ അധികം നല്‍കണം; പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ച് സ്വിഗ്ഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th August 2025, 1:08 pm

ന്യൂദല്‍ഹി: ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ച് സ്വിഗ്ഗി. ഓര്‍ഡറുകള്‍ക്ക് 12 ല്‍ നിന്ന് 14 രൂപയാക്കിയാണ് ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗി ഇത്തവണ ഫീസ് വര്‍ധിപ്പിച്ചത്.  ഉത്സവകാലത്തെ ലാഭം ലക്ഷ്യമിട്ടാണ് കമ്പനി ഫീസ്  വര്‍ധിപ്പിച്ചതെന്ന്  റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സ്വിഗ്ഗി പലതവണ ഫീസ് വര്‍ധിപ്പിച്ചിരുന്നു. 2023 ഏപ്രിലില്‍ 2രൂപയില്‍ നിന്ന്, 2024 ജൂലൈയില്‍ 6 രൂപയായും 2024 ഒക്ടോബറില്‍ 10രൂപയാക്കിയും ഫീസ് ഉയര്‍ത്തി. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 600% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 2 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് സ്വിഗ്ഗി നിലവില്‍ പ്രോസസ് ചെയ്യുന്നതെന്നാണ് വിവരം.

സ്വിഗ്ഗിയും ഇവരുടെ പ്രധാന എതിരാളിയായ സൊമാറ്റോയും ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സീസണുകളില്‍ മുമ്പും ഇത്തരത്തില്‍  പ്ലാറ്റ്‌ഫോം  ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. ഫീസില്‍ വര്‍ധനവ് ഉണ്ടായി ഓര്‍ഡറുകള്‍ കുറഞ്ഞാലും വര്‍ധിപ്പിച്ച  നിരക്കുകള്‍ ഒരു ഘട്ടത്തിലും സ്വിഗ്ഗി പിന്‍വലിച്ചിട്ടില്ല.

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 1,197 കോടിയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. നഷ്ടം വര്‍ധിക്കാന്‍ പ്രധാന കാരണം ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉപഭോക്താക്കളുടെ ഫീസ് ഒന്നിലധികം തവണ വര്‍ധിപ്പിച്ചിട്ടും തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന് കമ്പനികള്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

Content Highlight: Swiggy increases platform fees again, charges Rs 2 more per order