തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായവരെ എ.എം.എം.എ സംഘടനയുടെ തലപ്പത്ത് വരാന്‍ അനുവദിക്കില്ലെന്ന സംഘടനയുടെ പ്രസിഡന്റും നടിയുമായ ശ്വേത മോനോന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാല പാര്‍വതി.
ശ്വേത മോനോന്‍ പറഞ്ഞ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് അവര്‍ വ്യക്തമായി വിശദീകരിക്കണമെന്നും അതിനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. ഇന്ന് രാവിലെ പുറത്ത് വന്ന ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നലെയാണ് മാല പാര്‍വതിയുടെ പ്രതികരണം.
‘ശ്രീമതി ശ്വേത മേനോന്‍ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതില്‍ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ള കുറ്റാരോപിതര്‍ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാന്‍ അവര്‍ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാല്‍ എന്റെ സംശയം മറ്റൊന്നാണ്.
അമ്മയുടെ പ്രസിഡന്റായ ശ്വേത മേനോന്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നതുമായ ആ ‘കുറ്റാരോപിതര്‍’ ആരൊക്കെയാണ്?
‘
എന്റെ അറിവില്‍ പൊതുവായി ചര്‍ച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവര്‍ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറല്‍ ബോഡി നിയോഗിച്ച സമിതിയിലും അവര്‍ അംഗങ്ങളല്ല,’ മാല പാര്‍വതി കുറിച്ചു.
അപ്പോള്‍ ശ്വേത മേനോന്‍ പരാമര്‍ശിക്കുന്നവര്‍ ആരാണെന്നും അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തില്‍, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അമ്മയുടെ പ്രസിഡന്റിനുണ്ടെന്നും അവര്‍ പറഞ്ഞു.
പേരുകള്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂവെന്നും മാല പാര്‍വതി പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരാവയവര്‍ എ.എം.എം.എയുമായുടെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നുണ്ടെന്നും താന്‍ ഉള്ളിടത്തോളം അതിന് അനുവദിക്കില്ലെന്നുമായിരുന്നു ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടനയിലെ പവര്‍ ഗ്രൂപ്പമായാണ് താന്‍ പോരാടുന്നതെന്നും ആ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അവര്‍ പറഞ്ഞിരുന്നു. ആ പവര്‍ ഗ്രൂപ്പാണ് തന്നെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതെന്നും ശ്വേത ആരോപിച്ചിച്ചിരുന്നു. പിന്നാലെയാണ് മാല പാര്‍വതിയുടെ പ്രതികരണം.
Content Highlight: Swetha Menon, who is striving to save the organization, must reveal the identities of the accused; she has a responsibility to do so: Mala Parvathy.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.