വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ സൗരാഷ്ട്ര വിജയം സ്വന്തമാക്കിയിരുന്നു. ആളൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ ആറ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടിയ സൗരാഷ്ട്ര വിജയം സ്വന്തമാക്കുകയായിരുന്നു.
പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ ഒഡീഷയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ സ്വാസ്തിക് സമലിനെ ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടന്ന് മറന്നുകളയില്ല. ഓപ്പണിങ് പൊസിഷനില്‍ നിന്ന് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സ്വാസ്തിക് കളം വിട്ടത്. 169 പന്തില്‍ നിന്ന് 21 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 212 റണ്‍സായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ഇതോടെ വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാകാനും സ്വാസ്തിക്കിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ മലയാളി താരം സഞ്ജു സാംസണൊപ്പമെത്താനും സ്വാസ്തിക്കിന് കഴിഞ്ഞു.
ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്‌കോറില്‍ സഞ്ജുവിനൊപ്പം ചേരാനാണ് സ്വാസ്തിക്കിന് സാധിച്ചത്. 2019ല്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് വേണ്ടി 212 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. അതേസമയം ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം നാരായണ്‍ ജഗദീശനാണ്.
വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍ നേടുന്ന താരങ്ങള്‍
നാരായണ്‍ ജഗദീശന്‍ – 277 vs അരുണാചല്‍ പ്രദേശ് (2022)
പൃഥ്വി ഷാ – 227* vs പുതുച്ചേരി (2021)
റുതുരാജ് ഗെയ്ക്വാദ് – 220* vs ഉത്തര്‍പ്രദേശ് (2022)
അതേസമയം മത്സരത്തില്‍ ഒഡീഷയ്ക്കായി ക്യാപ്റ്റന്‍ ബിപ്ലവ് സമന്ത്രായി 91 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയിരുന്നു. സൗരാഷ്ട്രയ്ക്കായി 132 റണ്‍സ് നേടി പുറത്താകാതെ നിന്ന സമ്മര്‍ ഗജ്ജാറാണ് ടോപ് സ്‌കോറര്‍. ചിരാഗ് ജാനി 86 റണ്‍സും ടീമിന് വേണ്ടി നേടിക്കൊടുത്തു.
Content Highlight: Swastik Samal Equals Sanju Samson’s Record Achievement In Vijay Hazare Trophy