ആ സമയത്ത് ജീവിക്കാന്‍ താല്‍പര്യമില്ലാതായി, പെട്ടെന്ന് മരിക്കാന്‍ എന്താണ് മാര്‍ഗം എന്നാലോചിച്ചു: സ്വാസിക
Film News
ആ സമയത്ത് ജീവിക്കാന്‍ താല്‍പര്യമില്ലാതായി, പെട്ടെന്ന് മരിക്കാന്‍ എന്താണ് മാര്‍ഗം എന്നാലോചിച്ചു: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 5:02 pm

സിനിമകള്‍ ഇല്ലാതിരുന്ന സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് നടി സ്വാസിക. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒന്നും ചെയ്യാനാകാതെ വീട്ടിലിരിക്കുന്ന അവസ്ഥ വന്നുവെന്നും അപ്പോള്‍ മരിക്കാനുള്ള മാര്‍ഗം നോക്കിയിരുന്നുവെന്നും സ്വാസിക പറഞ്ഞു. ധ്യാനത്തിലൂടെയും യോഗയിലൂടെയുമാണ് തന്നെത്തനെ തിരിച്ചുപിടിച്ചതെന്നും സീരിയലുകളിലൂടെ വീണ്ടും സ്വപ്‌നങ്ങളിലേക്ക് പിടിച്ചുകയറുകയായിരുന്നുവെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

‘വൈഗ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ മൂന്നും മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് അവസരങ്ങള്‍ വന്നില്ല. പഠനവും വിട്ടു, സിനിമയും ഇല്ല എന്ന അവസ്ഥ. ജീവിക്കാന്‍ തന്നെ താല്‍പര്യമില്ലാതായി. പെട്ടെന്ന് മരിക്കാന്‍ എന്താണ് മാര്‍ഗം എന്നാലോചിച്ചു. നാളെ ഒരു വണ്ടി വന്ന് തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍.

കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ഞാന്‍ മാത്രം സിനിമ എന്ന് പറഞ്ഞ് സമയം കളയുന്നു. രാവിലെ എഴുന്നേല്‍ക്കുക, വീട്ടില്‍ വെറുതെ ഇരിക്കുക എന്നതായിരുന്നു ദിനചര്യ. അതില്‍നിന്നും പുറത്തുകടക്കണം, ആ തോന്നല്‍ ശക്തമായി. ധ്യാനം-യോഗ പരിശീലനത്തിന് പോയിതുടങ്ങി. ഞാന്‍ എന്നെ വീണ്ടെടുക്കാന്‍ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.

ആ സമയത്താണ് മഴവില്‍ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലേക്ക് വിളിക്കുന്നത്. എവിടെയാണ് പിടിച്ചുകയറുക എന്നറിയില്ലല്ലോ, അങ്ങനെ സീരിയല്‍ തെരഞ്ഞെടുത്തു. അതൊരു പുതിയ തുടക്കമായി. നിരാശകള്‍ അകന്നു. സിനിമയെങ്കില്‍ സിനിമ, സീരിയലെങ്കില്‍ സീരിയല്‍ എന്ന രീതിയിലേക്ക് മാറി.

പിന്നീട് അഭിനയിച്ച സീത സീരിയലും സൂപ്പര്‍ ഹിറ്റായി. ഒപ്പം സിനിമയിലും അവസരം വന്നു. സിനിമയും സീരിയലും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നത് ഭാഗ്യമാണ്. അതെല്ലാവര്‍ക്കും കിട്ടുന്നതുമല്ല.

ആ പ്രായം അതായിരുന്നു. പെട്ടെന്ന് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യും. ആ സമയത്തെ പൊട്ടചിന്തയാണ് ആത്മഹത്യ ചെയ്താലോയെന്ന തോന്നല്‍. ഇപ്പോഴാണ് എന്ത് വലിയ മണ്ടത്തരമാണ് അതൊക്കെ എന്ന് മനസിലാവുന്നത്. ആഗ്രഹിക്കുന്നത് നേടാന്‍ പരിശ്രമിക്കുക. വെകിയാലും അത് സംഭവിക്കും എന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ ആ സത്യത്തിലാണ് വിശ്വസിക്കുന്നത്. അതാണ് മുന്നോട്ട് നയിക്കുന്നതും,’ സ്വാസിക പറഞ്ഞു.

Content Highlight: swasika says that she thinks about ending life