റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലേക്കുള്ള സ്വാസികയുടെ വഴി തുറക്കുന്നത്. 2009ൽ റിലീസായ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമാ അരങ്ങേറ്റം. എന്നാൽ തുടക്കത്തിലേ ചില തമിഴ് സിനിമകൾ ഒഴിച്ചാൽ കരിയറിന്റെ ആദ്യകാലങ്ങളിൽ സ്വാസികയുടെ കഴിവിനെ ഉപയോഗിച്ച കഥാപാത്രങ്ങളൊന്നും അവർക്ക് ലഭിച്ചിരുന്നില്ല.
ലബ്ബർ പന്ത് എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടിയിപ്പോൾ. ലബ്ബർ പന്തിന് ശേഷം തുടർച്ചയായി മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിക്കുന്നുണ്ട്.
ഇപ്പോൾ മറ്റുള്ള ഭാഷകളിൽ അഭിനയിക്കുമ്പോൾ സെലക്ടീവ് ആകാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സ്വാസിക വിജയൻ. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ താൻ സെലക്ടീവ് അല്ലെന്നും ലബ്ബർ പന്ത് എന്ന സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സ്വാസിക പറയുന്നു.
സൂരി നായകനായ മാമൻ എന്ന സിനിമയിലെ വേഷം താനായിട്ട് തെരഞ്ഞെടുത്തതല്ലെന്നും നടി പറഞ്ഞു. ലബ്ബർ പന്തിന്റെ സംവിധായകനും മാമൻ്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം ലബ്ബർ പന്ത് കണ്ട് തന്നെ വിളിച്ചു. കഥ കേട്ടപ്പോൾ ചെയ്യാം എന്ന് കരുതിയതാണെന്നും സ്വാസിക വ്യക്തമാക്കി.
തുടർച്ചയായി തനിക്ക് അമ്മ വേഷങ്ങൾ വരുന്നുണ്ടെന്നും അതിൽ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ട് വിളിച്ചപ്പോഴാണെന്നും നടി കൂട്ടിച്ചേർത്തു.
‘തെലുങ്കിലെ വലിയ സിനിമയായ പെഡ്ഡിയിലേക്കാണ് വിളിച്ചത്. ഭയങ്കര ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ഞാൻ നോ പറഞ്ഞു. ഞാൻ ചെയ്താൽ എങ്ങനെ വരുമെന്ന് അറിയില്ല. വലിയ ചിത്രമായിരുന്നു അത്. എന്നാലും ഞാൻ ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല. അതിനാൽ നോ പറഞ്ഞു. ആവശ്യം വരികയാണെങ്കിൽ നോക്കാം,’ സ്വാസിക പറഞ്ഞു.
Content Highlight: Swasika says she was shocked when I was called to be Ram Charan’s mother
