ആ സിനിമ കാണുമ്പോള്‍, പത്തുവര്‍ഷത്തിന് ശേഷം ഇയാള്‍ വലിയ ഹീറോയാവുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല: സാസ്വിക
Malayalam Cinema
ആ സിനിമ കാണുമ്പോള്‍, പത്തുവര്‍ഷത്തിന് ശേഷം ഇയാള്‍ വലിയ ഹീറോയാവുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല: സാസ്വിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd November 2025, 2:46 pm

നടന്‍ സൂരിയെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. ഈ വര്‍ഷം പുറത്തിറങ്ങിയ മാമന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത സിനിമയില്‍ രാജ്കിരണ്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ സൂരിയെ കുറിച്ചും മാമിനിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സ്വാസിക.

സൂരിയുടെ കഥയാണ് മാമനെന്നും യഥാര്‍ത്ഥ ജീവിതത്തിലും കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന ആളാണ് അദ്ദേഹമെന്നും സ്വാസിക പറയുന്നു. അതുകൊണ്ട് മാമനിലെ കഥാപാത്രത്തിന് സൂരി വളരെ അനുയോജ്യനായിരുന്നുവെന്നും ചില രംഗങ്ങളില്‍ ഗ്ലിസറിന്‍ ഇല്ലാതെ നാച്ച്വറലായി അദ്ദേഹം കരഞ്ഞതുകണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സ്വാസിക പറയുന്നു.

‘അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘വെണ്ണിലാ കബഡിക്കുഴു’ കാണുമ്പോള്‍, പത്തുവര്‍ഷത്തിന് ശേഷം ഇത് വലിയ ഹീറോയാവുമെന്ന് ആരും ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല. ഒരു പക്ഷേ ദൈവം വെട്രിമാരന്‍ സാറിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടിട്ട് ‘നീ പോയി അവന്(സൂരി സാറിന്) ഒരു ജീവിതം കൊടുക്ക്’ എന്ന് പറഞ്ഞിട്ടുണ്ടാവാം.

അതുകൊണ്ടാവാം അദ്ദേഹത്തെ നായകനാക്കിയത്. അതുപോലെ ലബ്ബര്‍ പന്തിന്റെ സംവിധായകന്‍ എന്നെ മുമ്പ് കണ്ടിട്ടേ ഇല്ല. എന്നാല്‍ നിങ്ങള്‍ തന്നെ ഈ കഥാപാത്രം ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചു. ദൈവം അദ്ദേഹത്തിലൂടെ എന്നെ സഹായിച്ചു എന്ന് തോന്നുന്നു,’ സാസ്വിക പറയുന്നു.

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളില്‍ നടി അഭിനയിച്ചു.

Content highlight: Swasika is talking about Soori and his character in Maman