മാധ്യമം പത്രത്തിന്റെ പ്രസിദ്ധീകരണം തടയാന്‍ കെ.ടി ജലീല്‍ ഇടപെട്ടിരുന്നു; ആരോപണവുമായി സ്വപ്‌ന സുരേഷ്
Kerala News
മാധ്യമം പത്രത്തിന്റെ പ്രസിദ്ധീകരണം തടയാന്‍ കെ.ടി ജലീല്‍ ഇടപെട്ടിരുന്നു; ആരോപണവുമായി സ്വപ്‌ന സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 5:06 pm

കൊച്ചി: ഗള്‍ഫില്‍ മാധ്യമം പൂട്ടിക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. ഗള്‍ഫ് മേഖലയില്‍ മാധ്യമം ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെ.ടി. ജലില്‍ യു.എ.ഇ അധികൃതര്‍ക്ക് കത്തയിച്ചിരുന്നു.

ഇത് സംബന്ധിച്ച ചാറ്റുകള്‍ കൈവശമുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പത്രം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലീല്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും സ്വപ്‌ന ആരോപിച്ചു.

കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു.എ.ഇ അധികാരികളില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നും കെ.ടി. ജലീല്‍ പറഞ്ഞതായി സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രം നിരോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടതെന്നും പത്രം നിരോധിച്ചാല്‍ അത് രാഷ്ട്രീയപാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു ജലീല്‍ സൂചിപ്പിച്ചതെന്നും സ്വപ്‌ന ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയതായും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ജലീല്‍ കോണ്‍സുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങള്‍ക്കും ജലീല്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്ന ആരോപിച്ചു.

Content Highlight: Swapna says that kt jaleel tried to stop the publication of madhyamam daily