എസ്സേയിസ് / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
സംഘപരിവാരത്തിന്റെ ഒരേയൊരു വിചാരകേന്ദ്രമായ പി.പരമേശ്വരന്‍ 26-7-2011ലെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറനിധി വിനിയോഗിക്കേണ്ടത് എങ്ങിനെ എന്നതിനെപ്പറ്റി ഒരു നെടുങ്കന്‍ ലേഖനം എഴുതുകയുണ്ടായി. അതില്‍, ജനാധിപത്യമെന്നാല്‍ ഇന്നാട്ടിലെ ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ ആധിപത്യം ആണെന്നതിലൂന്നിയുള്ള നിരീക്ഷണങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. ജാതീയതയുടെ മര്‍ദ്ദനത്താല്‍ പൊറുതിമുട്ടി ഇസ്ലാം മതമോ ക്രിസ്ത്യന്‍ മതമോ സ്വീകരിക്കാന്‍ ഈഴവരും അവരില്‍ താഴ്ന്നവരുമായ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തയ്യാറാകുമെന്ന ഭീതിയാണ് ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ മതംമാറ്റം ചെറുക്കാന്‍ തിരുവിതാംകൂര്‍മഹാരാജാക്കന്മാരെ പ്രേരിപ്പിച്ചതെന്നും പരമേശ്വരന്‍ തന്നെ സമ്മതിക്കുന്നു-അതിന്റെ അര്‍ത്ഥം “ക്ഷേത്രപ്രവേശനവിളംബരം” ഫലത്തില്‍ ഹിന്ദുത്വവത്ക്കരണ വിളംബരമായിരുന്നു എന്നാണ്. മറ്റൊരര്‍ത്ഥം ഇന്നാട്ടിലെ ബഹുഭൂരിപക്ഷജനത ഹിന്ദുക്കളായത് ക്ഷേത്രപ്രവേശനവിളംബരത്തോടെ മാത്രമാണെന്നുമാണ്. ഒപ്പം ക്ഷേത്രവിശ്വാസികള്‍ അല്ലാത്തവര്‍ ഹിന്ദുവല്ലെന്നുമാണ്.[]
“പ്രതിമ സ്വല്പബുദ്ധീനാം” എന്ന അഷ്ടവക്രഗീതയിലെ നിരീക്ഷണവും തത്തുല്യമായ യോഗവാസിഷ്ഠത്തിലെ നിരീക്ഷണങ്ങളും അനുസരിച്ച് വിഗ്രഹാരാധന അല്പബുദ്ധികളുടെ ആരാധനാരീതിയാണ്. പരമേശ്വരനും കൂട്ടരും ഇന്നാട്ടിലെ ബഹുഭൂരിപക്ഷത്തെ അല്‍പബുദ്ധികളായി തന്നെ നിലനിര്‍ത്തുവാനാണ് ക്ഷേത്രകേന്ദ്രീകൃത ഹിന്ദുത്വവിചാരങ്ങളിലൂടെ ശ്രമിച്ചുവരുന്നത്. ഒരു ജനതയുടെ ബൗദ്ധികമായ വളര്‍ച്ച തടയുന്ന ഏതൊരു പ്രവര്‍ത്തനവും ജനാധിപത്യവിരുദ്ധവും അതുകൊണ്ടു തന്നെ ഫാസിസ്റ്റ് സ്വഭാവഘടനയുള്ളതുമാണ്. ഒരു ബുദ്ധനോ ശ്രീരാമകൃഷ്ണനോ വിവേകാനന്ദനോ അരബിന്ദോയോ ശ്രീനാരായണഗുരുവോ പണ്ഡിറ്റ് കറുപ്പനോ സഹോദരന്‍ അയ്യപ്പനോ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയോ ജിദ്ദുകൃഷ്ണമൂര്‍ത്തിയോ ഉണ്ടാവാത്ത ഒരു ഭാരതീയത എത്ര പൂരാഘോഷങ്ങളും വിളക്കുപൂജകളും ഗണേശശരണാലാപനങ്ങളും ഉണ്ടായാലും മൃതഭാരതീയതയാണ്. ഈ മൃതഭാരതീയതയുടെ വക്താവു മാത്രമാണ് ഹിന്ദുത്വത്തെ ക്ഷേത്രസംരക്ഷണത്തില്‍ കുടുക്കി ഹിന്ദുവിനെ അമ്പലക്കാള മാത്രമാക്കിത്തീര്‍ക്കുന്ന ആശയഗതികള്‍ നിരന്തരം പുറപ്പെടുവിക്കുന്ന പി.പരമേശ്വരന്‍. അതിനാല്‍ ഭാരതത്തെ ക്ഷേത്രവിചാരത്തിന്റെ അല്‍പത്തരങ്ങളില്‍ നിന്നു വിമോചിപ്പിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കൊന്നും പരമേശ്വരന്റെ ഭാരതീയവിചാരത്തെ അവസാനവാക്കായി കണക്കിലെടുക്കാനാവില്ല. അതിനാല്‍ നമുക്ക് പി.പരമേശ്വരന്റെ പത്മനാഭസ്വാമി നിധിയെ സംബന്ധിച്ച ഉദ്ദീരണങ്ങളെ പുന:പരിശോധിക്കേണ്ടി വരുന്നു.
പാലാഴിയില്‍ പള്ളിക്കൊള്ളുന്ന മഹാവിഷ്ണുവിന്റെ തലയ്ക്കല്‍ ഇരിക്കുന്ന ലക്ഷ്മിദേവിയുടെ ശിവകാശിപ്രസ്സില്‍ അച്ചടിച്ച പടത്തില്‍ നിന്നെന്ന പോലെ താനേ പണം പ്രവഹിച്ചതു കൊണ്ടല്ല തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രനിലവറയില്‍ സ്വത്തു കുമിഞ്ഞു കൂടിയതെന്നു പി. പരമേശ്വരനും അറിയാമെന്നു തോന്നുന്നു. മണ്ണിലെ മനുഷ്യരുടെ വേലയും വിയര്‍പ്പും തന്നെയാണ് എവിടേയും എന്നപോലെ കേരളത്തിലും സ്വത്തായി മാറിയിട്ടുള്ളത്. പറയന്‍ ഉഴുതുവിതച്ചു കൊയ്തു മെതിച്ച് ഉണ്ടാക്കിയ നെല്ലുകൊണ്ട് പത്തായവും പള്ളയും നിറച്ച് തമ്പുരാക്കന്മാരായവര്‍ പറയനെ തൊട്ടുകൂടാത്തവനായാണ് കണ്ടിരുന്നത്. പറയനു തമ്പുരാന്റെ മാത്രമല്ല തമ്പുരാന്റെ ദൈവത്തേയും തൊടുവാനോ കാണുവാനോ പാടില്ലായിരുന്നു. അതുകൊണ്ടു തന്നെ പറയന്റെ വേല കൊണ്ടുണ്ടാകുന്ന പണം പറയനു പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളില്‍ സംരക്ഷിക്കപ്പെട്ടു. മുലക്കരം പോലുള്ള സ്ത്രീവിരുദ്ധനികുതികളിലൂടെ സംഭരിക്കപ്പെട്ട ധനവും നിധിയായി കലവറകളില്‍ അടയ്ക്കപ്പെട്ടു.
അറബികള്‍, ചൈനക്കാര്‍,റോമക്കാര്‍, ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഫ്രാന്‍സുകാര്‍, ഇംഗ്ലീഷുകാര്‍ എന്നിവര്‍ മലഞ്ചരക്കുകള്‍ വ്യാപാരം നടത്തുവാനായി നല്‍കിയ ചുങ്കവും നികുതിയും ഒക്കെയാണ് മറ്റൊരു ധനാഗമമാര്‍ഗ്ഗമായിരുന്നത്. ഈ വിദേശകച്ചവടക്കാരൊന്നും കുറിയും കുടുമയും പൂണൂലും ധരിച്ചു ക്ഷേത്രം വലം വെച്ചിരുന്ന ഹിന്ദുക്കളായിരുന്നില്ലല്ലോ. പിന്നെ, തിരുവല്ല ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളെ കൊള്ളയടിച്ച് സ്വരൂപിച്ച ധനവും പത്മനാഭസ്വാമിയുടെ സംഭരണിയില്‍ ശേഖരിക്കപ്പെട്ടു. ചുരുക്കത്തില്‍ പണിയെടുക്കുന്നവരുടേയും, വിദേശികച്ചവടക്കാരുടേയും ജനപീഢനനികുതികളുിലൂടെയും കൊള്ളയടിക്കപ്പെട്ട സ്വത്തുക്കളുടേയും ഒരു സംഭരണമാണ് പത്മനാഭനിധി. അതു ഹിന്ദുക്കളുടെ നിധിയാണ്, വിശ്വാസികളുടെ നിധിയാണ് എന്നൊക്കെ വാദിക്കുന്ന പരമേശ്വരന്‍ സ്വന്തം വീട്ടുമുറ്റത്താണ് തുളസി നില്‍ക്കുന്നത് എന്നതിനാല്‍ അതിന്റെ സുഗന്ധം വഴിയേ പോകുന്നവര്‍ക്ക് ലഭിച്ചു കൂടെന്നമട്ടിലുള്ള പ്രകൃതിനിയമവിരുദ്ധമായ നിലപാടുകളാണ് മുന്നോട്ടു വയ്ക്കുന്നത്.
സ്വന്തം വീട്ടുമുറ്റത്തെ തെങ്ങ് സ്വന്തം നാലുസെന്റില്‍ നിന്നുള്ള വെള്ളവും വളവും മാത്രമല്ല വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതെന്നു അറിയുവാനുള്ള സാമാന്യബോധത്തിലേക്കെങ്കിലും പരമേശ്വരന്റെ ഭാരതീയവിചാരം വളരാത്തത് കേരളത്തിലെ മതേതരബുദ്ധിജീവികളുടെ കുഴപ്പം കൊണ്ടല്ല മറിച്ച് അദ്ദേഹത്തിന്റെ ചിന്താശേഷിയുടെ വളര്‍ച്ചാപരമായ തകരാറുകൊണ്ടാണ.് എഴുപതുകഴിഞ്ഞിട്ടും കാക്കി നിക്കറിട്ട് കുട്ടിയാകാന്‍ തയ്യാറാകുന്ന ഒരാളുടെ തലച്ചോറിന് പ്രായപൂര്‍ത്തി സംഭവിക്കുന്നില്ല എന്നതില്‍ അത്ഭുതത്തിന് അവകാശമില്ലല്ലോ. ഇത്തരമൊരാളുടെ ഭാരതീയ വിചാരം വസുധൈവകുടുംബകം (ഭൂമിഭവനം)എന്നും “ആനോ ഭദ്രാനി ക്രതവോയന്തു വിശ്വത:”-(ലോകത്തിന്റെ ഏതുദിശയില്‍നിന്നും നല്ല ചിന്തകള്‍ ഞങ്ങളിലേക്ക് പ്രവേശിക്കട്ടെ)എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഋഷീശ്വരന്മാരുടെ ചിന്തയിലേക്ക് അടുത്തൊന്നും ചെന്നെത്തുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ മാര്‍ക്‌സില്‍ നിന്നു മഹര്‍ഷിയിലേക്ക് വളരണം എന്നാഗ്രഹിക്കുന്ന സത്യാന്വേഷകര്‍ക്കൊന്നും അഭിലഷണീയമായ ഒന്നല്ല പി. പരമേശ്വരന്റെ “വിചാരധാര”.
ഇതിനേക്കാള്‍ അടിസ്ഥാനപരമായ ഒരു പ്രശ്‌നം കൂടി പി. പരമേശ്വരന്റെ ലേഖനത്തില്‍ ഉണ്ട്. പത്മനാഭനിധി ഉപയോഗിച്ച് തിരുപ്പതി ദേവസ്ഥാനത്തിന്റെ സംസ്‌കൃതസര്‍വ്വകലാശാല മാതൃകയില്‍ ഹൈന്ദവവിചാരധാരയ്ക്കു മാത്രമായി ഒരു പഠനകേന്ദ്രം ഉണ്ടാക്കണമെന്നാണ് പരമേശ്വര”കല്പന”. ഹൈന്ദവപഠനകേന്ദ്രത്തിന് അദ്ദേഹം നിര്‍ദ്ദേശിച്ച പേര് വിശ്വവിദ്യാസനാതനധര്‍മ്മപഠനകേന്ദ്രം എന്നാണ്. ഇതുവായിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നചോദ്യം പരമേശ്വരന്‍ എന്നാണ് ജഗത്ഗുരുവായി കൊണ്ടാടുന്ന ശങ്കരാചാര്യരുടെ “ബ്രഹ്മവിദ്യ”ഉപേക്ഷിച്ച് വിശ്വവിദ്യയിലേക്ക് ചുവടുമാറിയത് എന്നാണ.് ശ്വാസോച്ഛ്വാസം ചെയ്തു ജീവിക്കുന്ന ജഗത്ത് “മിഥ്യ”യാണെന്നു സ്ഥാപിക്കുന്ന ശ്രീശങ്കരന്റെ ബ്രഹ്മവിദ്യ അസംബന്ധമാണെന്നു പൂര്‍ണ്ണബോധ്യം വന്നപ്പോഴാണ് ഞാനുള്‍പ്പെടെയുള്ള ശക്തിബോധികള്‍ ബ്രഹ്മവിദ്യയില്‍ നിന്നു വിശ്വവിദ്യയിലേക്ക് മനുഷ്യനു ബോധപരിണാമം സംഭവിക്കണമെന്നു പത്തുവര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ പ്രഖ്യാപിച്ചത്.
ശാങ്കരനിഷേധം ഹിന്ദുത്വനിഷേധമാണെന്നു പറഞ്ഞ് അന്നു ശക്തിബോധികളുടെ നിലപാടിനെ സംഘപരിവാരം എതിര്‍ത്തു. സാമ്പ്രദായികനല്ലാത്ത സ്വാമിയും കമ്യൂണിസ്റ്റ് സ്വാമിയുമായി ഞാന്‍ പലവുരു അപഹസിക്കപ്പെട്ടു. ശാങ്കരവേദാന്തമാണു ഹിന്ദുവിചാരപദ്ധതിയുടെ പരമോച്ചഘട്ടമെന്നു എന്നെ ബോധ്യപ്പെടുത്തുവാന്‍ ഡോ:പുത്തേഴത്തു രാമചന്ദ്രന്‍ എന്ന അന്നത്തെ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനപ്രസിഡണ്ട് പലപ്പോഴായി രാവു വെളുക്കുവോളം ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഡോ;പുത്തേഴത്തു രാമചന്ദ്രനു ശ്രീശങ്കരന്റെ ബ്രഹ്മവിദ്യ അസംബന്ധമാണെന്നും ശക്തിബോധികളുടെ വിശ്വവിദ്യയാണ് സായന്‍സികയുഗത്തിനു നിരക്കുന്ന ഭാരതീയ ഋഷികവികളുടെ വിചാരധാരയ്ക്കു നല്‍കാവുന്ന യഥാര്‍ത്ഥപേരെന്നും ബോധ്യപ്പെട്ടു.
സംഘപരിവാരബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഡോ:പുത്തേഴത്തു രാമചന്ദ്രന്‍ പുറത്തിറങ്ങി. “ഹിന്ദുത്വം ഒരു പാഠഭേദം ” എന്ന ഗ്രന്ഥം പുറത്തിറക്കുകയും ചെയ്തു. പരമേശ്വരന്‍ വിശ്വവിദ്യയെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നണ്ടെങ്കില്‍ ഡോ:പുത്തേഴത്തു രാമചന്ദ്രന്റെ വഴിയെ അദ്ദേഹത്തിനും സഞ്ചരിക്കേണ്ടി വരും. അല്ലെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ബ്രഹ്മവിദ്യ എന്ന യാഥാസ്ഥിതിക ഹിന്ദുത്വത്തിന്റെ തത്ത്വശാസ്ത്ര സംജ്ഞ കൈവെടിഞ്ഞു എന്നു വ്യക്തമാക്കണം. ഇതുചെയ്യാതെ “വിശ്വവിദ്യ” എന്നു വെറുതെ ഉപയോഗിക്കുന്നത്; ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ ചിന്താപദ്ധതിയെ ഇന്ത്യയില്‍ നിന്ന് ഉന്മൂലനം ചെയ്ത വൈദികമതത്തിന്റെ തന്ത്രപരമായ ഭീകരത തന്നെയാണ് “വിശ്വവിദ്യ” എന്ന പദം ഉപയോഗിക്കുന്നതിലൂടെ പരമേശ്വരന്‍ നടപ്പാക്കുന്നതെന്നു കരുതേണ്ടി വരും. ഈ കുതതന്ത്രത്തെ ശക്തിബോധികള്‍ക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ല.
ബ്രഹ്മവിദ്യ എന്നത് ഒരു ദാര്‍ശനിക സംഞ്ജയാണ്. അതിനൊരു പ്രത്യയശാസ്ത്രം ഉണ്ട്. അത് ശാങ്കരവിചാരകേന്ദ്രീകൃതവുമാണ്- ഈ വിചാരപദ്ധതിപ്രകാരം പ്രപഞ്ചം നശ്വരവും പ്രപഞ്ചാധാരമായ ബ്രഹ്മം അനശ്വരവുമാണ്. നശിക്കുന്ന പ്രപഞ്ചത്തില്‍ ജീവിച്ചുകൊണ്ട് നശിക്കാത്ത ബ്രഹ്മത്തെ അറിയലാണ് ശങ്കരാചാര്യരുടെ ജ്ഞാനം. എന്നാല്‍ “വിശ്വവിദ്യ”എന്നതു നേരെ വ്യത്യസ്തമായ ചിന്താപദ്ധതിയാണ്. ആരംഭമോ അവസാനമോ ഇല്ലാത്തതും അനന്തവും അതിനാല്‍ അനശ്വരവും അതുകൊണ്ടുതന്നെ എന്നും നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥത്തില്‍ സനാതനവുമായ മനുഷ്യനുള്‍പ്പെട്ട വിശ്വപ്രകൃതിയാണ് അന്നത്തിനും അറിവിനും അനുഭവത്തിനും ആനന്ദത്തിനും ആധാരമായ ഒരേയൊരു പരമസത്യം എന്നാണു “വിശ്വവിദ്യ” പ്രഖ്യാപിക്കുന്നത്. വിശ്വപ്രകൃതി ഒന്നേയുള്ളു രണ്ടില്ല എന്ന അര്‍ത്ഥത്തില്‍ ഇതു പ്രകൃത്യാദൈ്വതമാണ്. ഈ പ്രകൃത്യാദൈ്വതത്തെ കുറിയ്ക്കാനാണ് ശക്തിബോധികള്‍ പത്തുവര്‍ഷമായി “വിശ്വവിദ്യ” എന്ന പദം ഉപയോഗിക്കുന്നത.് ഇതേ അര്‍ത്ഥത്തിലാണ് മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ശക്തിബോധി സംസ്ഥാപക ഗുരുവായ മഹര്‍ഷി കവി കൃഷ്ണകുമാര്‍ ആ പദം അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ളതും.
“വിശ്വവിദ്യ”എന്ന പദം ആ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് ശങ്കരനെ ഇന്ത്യന്‍ ചിന്തയുടെ അവസാനവാക്കായി കാണുന്ന സാമ്പ്രദായിക ഭാരതീയ ധര്‍മ്മവിചാരപദ്ധതിയില്‍ നിന്നു പുറത്തു കടക്കേണ്ടി വരും. പി.പരമേശ്വരന്‍ അങ്ങിനെ പുറത്തു കടക്കാന്‍ തയ്യാറായിട്ടാണോ വിശ്വവിദ്യ എന്ന പദം ഉപയോഗിക്കുന്നത്..? അതോ, വിശ്വപ്രകൃതിയ്ക്കതീതമായതോ അധീനമല്ലാത്തതോ ആയ യാതൊന്നും സംഭവ്യമല്ലെന്ന സത്യം അംഗീകരിക്കാതെ പുതുമയ്ക്കുവേണ്ടിയുള്ള ഒരു ചപ്പടാച്ചി എന്ന നിലയിലാണ് പരമേശ്വരന്‍ വിശ്വവിദ്യ എന്ന പദം ഉപയോഗിച്ചിട്ടുള്ളതെങ്കില്‍ “അമൃതാനന്ദം” എന്നൊരു മദ്യഷാപ്പിനു പേരിടുന്നതിലെ അപമാനകരമായ അവസ്ഥ വിശ്വവിദ്യ എന്ന പദത്തിനു സംഭവിക്കുന്നണ്ടെന്നു പറയേണ്ടി വരും. അങ്ങിനെ അപമാനിക്കപ്പെടേണ്ടുന്ന പദമല്ല “വിശ്വവിദ്യ”എന്നു അതിന്റെ വഴിയേ സത്യാന്വേഷണം നടത്തുന്നവര്‍ക്ക് തുറന്നു പറയേണ്ടിയും വരും. അതാണിവിടെ ചെയ്തത്.

