സുവര്‍ണ ചകോരം 'സ്റ്റാനിന'ക്ക്; ഫ്രാന്‍സീസ്‌ക സില്‍വ സംവിധായക
Movie Day
സുവര്‍ണ ചകോരം 'സ്റ്റാനിന'ക്ക്; ഫ്രാന്‍സീസ്‌ക സില്‍വ സംവിധായക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2012, 7:52 pm

തിരുവനന്തപുരം: പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം “സ്റ്റാനിനോ”ക്ക്. ഫിലിപ്പൈന്‍സ് ചിത്രമായ സ്റ്റാനിനോയുടെ സംവിധായകന്‍ ഇമ്മാന്വവല്‍ ക്വിന്റോ പാലോയും നിര്‍മ്മാതാവും അവാര്‍ഡ് തുകയായ 15,00,000 രൂപ തുല്യമായി പങ്കിടും. “ഇവാന്‍സ് വുമണ്‍”  അണിയിച്ചൊരുക്കിയ ചിലിയന്‍ സംവിധായക ഫ്രാന്‍സീസ്‌ക സില്‍വയാണ് മികച്ച സംവിധായക.[]

പ്രേക്ഷകരുടെ മനം കവര്‍ന്ന ഫിലിംസ്ഥാന്‍ സംവിധാനം ചെയ്ത നിതിന്‍ കക്കര്‍ നവാഗത സംവിധായകനുള്ള രജതചകോരം സ്വന്തമാക്കി. മൂന്നു ലക്ഷം രുപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

വടക്കേ മലബാര്‍ സംഭാഷണ ശൈലിയില്‍ തെയ്യം ഇതിവൃത്തമാക്കി അണിയിച്ചൊരുക്കിയ മനോജ് കാന മികച്ച നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി പുരസ്‌കാരം കരസ്ഥമാക്കി. അലന്‍ ഗോമിസ് സംവിധാനം ചെയ്ത സെനഗല്‍ ചിത്രം ടുഡേയും അലി മുസാഫയുടെ ഇറാനിയന്‍ ചിത്രം ദ് ലാസ്റ്റ് സ്റ്റെപ്പും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി.

പ്രേക്ഷകരുടെ പുരസ്‌കാരം ജോയ് മാത്യു സംവിധാനം ചെയ്ത “ഷട്ടര്‍” സ്വന്തമാക്കി. ജോണ്‍ ഏബ്രാഹാമിന്റെ “അമ്മ അറിയാന്‍” എന്ന സിനിമയില്‍ നായകനായി അഭിനയിച്ച ജോയ് മാത്യു സംവിധാനം ചെയ്ത പ്രഥമച്ചിത്രമാണ് ഷട്ടര്‍. ഏറെ പ്രശംസ പിടിച്ചു പറ്റിയ ഹിന്ദിച്ചിത്രം ഫിലിംസ്ഥാനെയും കെ.എം. കമലിന്റെ “ഐ.ഡി” യെയും പിന്തള്ളിയാണ് ഷട്ടര്‍ പ്രേക്ഷക പുരസ്‌കാരം നേടിയത്. രണ്ട് ലക്ഷം രൂപ സമ്മാനത്തുകയാണ് പ്രേക്ഷകപുരസ്‌കാരത്തിന്. പ്രേക്ഷക റേറ്റിങ്ങില്‍ ചിത്രത്തിന് 4.15 പോയിന്റാണ് ലഭിച്ചത്.

അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം മെര്‍സാക് അലൗച്ച് സംവിധാനം ചെയ്ത ദ് റിപ്പന്റന്റും മലയാള ചിത്രം കെ.ഗോപിനാഥന്റെ ഇത്രമാത്രവുമാണ്.
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ  മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള  പുരസ്‌ക്കാരം കമാല്‍ കെ.എമ്മിന്റെ  ഐ.ഡി യും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌ക്കാരം അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്തും നേടി.

പ്രശസ്ത സംവിധായിക മീരാ നായരുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന  ഹസ്സന്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള  ഹസ്സന്‍കുട്ടി അവാര്‍ഡിന് ചായില്യത്തിന്റെ സംവിധായകന്‍ മനോജ് കാന അര്‍ഹനായി. അവാര്‍ഡ് തുക 50,000 രുപയാണ്.