ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
national news
ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 11:51 pm

ഭോപ്പാല്‍: ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ അനില്‍ ശര്‍മയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

കിണറ്റില്‍ 17 കാരിയുടെ മൃതദേഹം കണ്ടെത്തിയ കേസിലെ പ്രതിയെ കണ്ടെത്താനാണ് അനില്‍ ശര്‍മ ആത്മീയ ഗുരുവായ പണ്ടോഖര്‍ സര്‍ക്കാരിന്റെ സഹായം തേടിയത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ പൊലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ അനില്‍ ശര്‍മയും ഗുരുവും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ടൗണ്‍ ഇന്‍സ്‌പെക്റ്റര്‍ പങ്കജ് ശര്‍മ കാണിക്കുകയായിരുന്നു.

ജൂലൈ 28നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ കിണറ്റില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ കണ്ടെത്താനായി ആത്മീയ ഗുരുവിനെ സമീപിച്ചത്. വീഡിയോയില്‍ പ്രതിയെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ പണ്ടോക്കര്‍ അനില്‍ ശര്‍മക്ക് എഴുതി നല്‍കുന്നത് കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

അനില്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തതായും ടൗണ്‍ ഇന്‍സ്‌പെക്റ്റര്‍ പങ്കജ് ശര്‍മയെ പൊലീസ് ലൈനിലേക്ക് മാറ്റിയതായും പൊലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ആത്മീയ ആചാര്യന്റെ ഉപദേശ പ്രകാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരു പണ്ടോക്കര്‍ സര്‍ക്കാരിന്റെ വീഡിയോയില്‍ പങ്കെടുക്കാനാണ് അനില്‍ ശര്‍മ പോയതെന്നും വീഡിയോ വൈറലായതിനാലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്നും ഛത്തര്‍പൂര്‍ എസ്.പി പറഞ്ഞു.

Content Highlight: Suspension of the police officer who arrested the accused in the murder case on the advice of the spiritual guru