ആ സമയത്തൊക്കെ മമ്മൂക്ക എനിക്ക് വേണ്ടി സംസാരിച്ചിരുന്നു, എല്ലാവരും അദ്ദേഹത്തെ കണ്ട് പഠിക്കണം: സുഷിന്‍ ശ്യാം
Malayalam Cinema
ആ സമയത്തൊക്കെ മമ്മൂക്ക എനിക്ക് വേണ്ടി സംസാരിച്ചിരുന്നു, എല്ലാവരും അദ്ദേഹത്തെ കണ്ട് പഠിക്കണം: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 3:02 pm

ചെറിയ കാലംകൊണ്ട് മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ട് സിനിമാജീവിതം ആരംഭിച്ച സുഷിന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറി. കുമ്പളങ്ങി നൈറ്റ്‌സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി.

മമ്മൂട്ടി- അമല്‍ നീരദ് കോമ്പോയില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം സുഷിന്റെ ഫാന്‍ബേസ് ഉയര്‍ത്തി. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍. ഭീഷ്മ പര്‍വ്വത്തിന്റെ പ്രൊമോഷന്‍ സമയത്ത് മമ്മൂട്ടി തന്റെ സംഗീതത്തെക്കുറിച്ച് സംസാരിച്ചത് താന്‍ ശ്രദ്ധിച്ചെന്ന് സുഷിന്‍ ശ്യാം പറഞ്ഞു. ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലാണ് ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി ബി.ജി.എം. ഒരുക്കിയതെന്നും ആ സമയത്തും മമ്മൂട്ടി തനിക്ക് വേണ്ടി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെപ്പോലെ പുതിയ ഒരാള്‍ക്ക് വേണ്ടി മമ്മൂട്ടിയെപ്പോലൊരു വലിയ നടന്‍ സംസാരിച്ചത് തനിക്ക് സന്തോഷം നല്‍കിയെന്നും അത് കൂടുതല്‍ ആത്മവിശ്വാസം സമ്മാനിച്ചെന്നും അദ്ദേഹം പറയുന്നു. ഒരു നടന്‍ എന്നതുപോലെ നല്ലൊരു വ്യക്തി എന്നതിനും മമ്മൂട്ടി ഉദാഹരണമാണെന്നും സുഷിന്‍ പറഞ്ഞു. പേളി മാണിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്താ പറയുക, പുള്ളി എനിക്ക് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഭീഷ്മയുടെ പ്രൊമോഷന്റെ സമയത്ത് എന്റെ പേരൊക്കെ എടുത്തു പറഞ്ഞിരുന്നു. ‘സുഷിനൊക്കെ ചെയ്ത് വെച്ചത് കണ്ടാല്‍ ഞെട്ടും’ എന്ന് മമ്മൂക്ക പറയുമ്പോള്‍ അത് വല്ലാത്ത സന്തോഷമാണ് തന്നിരുന്നത്. മമ്മൂക്കക്ക് വേണ്ടി ഭീഷ്മ പര്‍വത്തിന് മുമ്പ് വര്‍ക്ക് ചെയ്തിരുന്നു.

ഗ്രേറ്റ് ഫാദറിന്റെ സമയം തൊട്ട് പുള്ളി നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നെപ്പറ്റി പലയിടത്തും സംസാരിച്ചത് കേട്ടിട്ടുണ്ട്. എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ടമാണ്. ഒരു ആക്ടര്‍ എന്നതിനെക്കാള്‍ ഒരു വ്യക്തി എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണമാണ് പലപ്പോഴും മമ്മൂക്കയെ തോന്നിയിട്ടുള്ളത്. വലിയ ഉയരത്തിലെത്തി നില്‍ക്കുമ്പോഴും ഏറ്റവും താഴെയുള്ളവരെക്കുറിച്ച് പുള്ളി ചിന്തിക്കുന്നുണ്ട്.

പുതിയ ആള്‍ക്കാരെ ശ്രദ്ധിക്കാനും അവരെ പരിഗണിക്കാനും മമ്മൂക്കക്ക് എപ്പോഴും ഉത്സാഹമാണ്. അതുകൊണ്ടാണ് അദ്ദേഹം ലെജന്‍ഡായി നില്‍ക്കുന്നത്. ഭീഷ്മയുടെ വര്‍ക്ക് എനിക്ക് കുറച്ചൊക്കെ സിമ്പിളായിരുന്നു. മമ്മൂക്കയുടെ സ്വാഗൊക്കെ സ്‌ക്രീനില്‍ കാണുമ്പോള്‍ അതിനനുസരിച്ച് സ്‌കോര്‍ ഉണ്ടാക്കാന്‍ എളുപ്പമായിരുന്നു,’ സുഷിന്‍ ശ്യാം പറഞ്ഞു.

Content Highlight: Sushin Shyam about the support he got from Mammootty