രതിപുഷ്പം പാട്ടിന് ചുവടുവെച്ച് സുഷിനും സൗബിനും; വീഡിയോ പങ്കുവെച്ച് ഷൈന്‍
Entertainment news
രതിപുഷ്പം പാട്ടിന് ചുവടുവെച്ച് സുഷിനും സൗബിനും; വീഡിയോ പങ്കുവെച്ച് ഷൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 7:20 pm

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. പ്രേക്ഷക പിന്തുണ നേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.

സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനം വളരെ നല്ല രീതിയില്‍ തന്നെ ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്.

ഷൈന്‍ ടോം ചാക്കോയാണ് ഗാനരംഗത്തിലെത്തുന്നത്. പാട്ടിലെ വരികളും ഷൈന്‍ ടോം ചാക്കോയുടെ ഡാന്‍സും എക്‌സ്പ്രഷന്‍സുമെല്ലാം അടിപൊളിയാണെന്നുള്ള കമന്റുകളാണ് വരുന്നത്.

രതിപുഷ്പത്തില്‍ ഷൈന്‍ ടോം ചാക്കോ ഡാന്‍സ് ചെയ്യുന്ന മോഷന്‍ വീഡിയോയും ഇറങ്ങിയിരുന്നു. ഷൈന്‍ ടോം ചാക്കോ തന്നെയാണ് ആ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ഇപ്പോഴിതാ പാട്ടിന് സിനിമയിലെ മറ്റ് താരങ്ങളായ ഫര്‍ഹാന്‍ ഫാസിലും സൗബിനും റംസാനും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ചുവടുവെക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍.

വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. നാലുപേരുടേയും എക്‌സ്പ്രഷന്‍ അടിപൊളിയായിട്ടുണ്ടെന്നും ഷൈന്‍ തന്നെ ചെയ്താലെ ആ പാട്ടിന്റെ ഫീല്‍ കിട്ടൂ എന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

ചിത്രത്തില്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.


Content Highlights:Sushin and Saub at the foot of the Ratipushpam song; Shine sharing video