സുശാന്തിന്റെ എ.ഐ വീഡിയോകൾ നീക്കം ചെയ്യണം; മെറ്റക്ക് കത്തയച്ച് കുടുംബം
Indian Cinema
സുശാന്തിന്റെ എ.ഐ വീഡിയോകൾ നീക്കം ചെയ്യണം; മെറ്റക്ക് കത്തയച്ച് കുടുംബം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 6:37 pm

അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ വീഡിയോയാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. അദ്ദേഹത്തിന്റെ സംസാര ശൈലിയും പഴയ അഭിമുഖങ്ങളും മാതൃകയാക്കിയാണ് വീഡിയോകൾ നിർമിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇത്തരം വീഡിയോകൾ മില്യൺ കണക്കിന് കാഴ്ച്ചക്കാരെയാണ് മണിക്കൂറുകൾക്കുള്ളിൽ നേടിയത്.

നടനുമായി തങ്ങൾ സംസാരിക്കുന്നതുപോലെയാണ് ചില വീഡിയോകൾ കാണുമ്പോൾ തോന്നുന്നതെന്നും ഇപ്പോഴും അദ്ദേഹം മരിച്ചിട്ടില്ലെന്നുമടക്കമുള്ള വാദങ്ങളുമെല്ലാം ഉയരുന്നുണ്ട്. സുശാന്തിനെ പോലെ സംസാരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടങ്ങളെയും ധാർമികതയെയും കുറിച്ച് ചോദ്യങ്ങളും ഉയരുന്നുണ്ട്.

എന്നിരുന്നാലും സോഷ്യൽ മീഡിയയിലെ ഈ എ.ഐ ട്രെൻഡിനോട് അത്ര നല്ല പ്രതികരണമല്ല സുശാന്തിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. എ.ഐ വീഡിയോകൾ സോഷ്യൽ മീഡിയ വാളുകളിൽ നിന്ന് പിൻവലിക്കാൻ മെറ്റ ഇന്ത്യക്ക് കുടുംബം കത്തയച്ചിട്ടുണ്ടെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

ഈ വർഷം ജൂൺ മുതലാണ് ഇത്തരം വീഡിയോകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. നടനോട് ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് ചോദിക്കാനും ആ ചോദ്യങ്ങൾക്ക് സുശാന്ത് മറുപടി നൽകുന്ന രീതിയിലും കൃതിമ ബുദ്ധിയെ ഉപയോഗിക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സുശാന്ത് സിങ് രജപുത്തിന്റെ ശബ്ദവും വ്യക്തിത്വവും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ഇത്തരം വീഡിയോകൾ തങ്ങളെ വളരെയധികം വിഷമിപ്പിക്കുന്നതാണെന്ന് സുശാന്തിന്റെ കുടുംബം കഴിഞ്ഞയാഴ്ച്ച അയച്ച കത്തിൽ പറയുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഇതുവരെയും മെറ്റയുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിമർശനമുയരുന്നുണ്ട്.

എന്നാൽ ദിനംപ്രതി അപ്ഡേറ്റഡ് ആകുന്ന എ.ഐ യുഗത്തിൽ അത്തരം ഉപകരണങ്ങൾ നിയന്ത്രിക്കുന്നത് പ്രയാസമേറിയ കാര്യമാണ്. ഒരു ബോട്ട് നിയന്ത്രിച്ചാൽ തന്നെ സമാനമായ ഒന്നിലധികം ബോട്ടുകൾ മിനിറ്റുകൾക്കുള്ളിൽ ഉയർന്നുവരുന്നതും വെല്ലുവിളിയാണ്.

2020 ജൂണിൽ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദരോഗിയായ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

Content Highlight: Sushant’s AI videos should be removed; family writes to Meta