എഡിറ്റര്‍
എഡിറ്റര്‍
നാടുകടത്തലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂസന്‍
എഡിറ്റര്‍
Sunday 18th March 2012 10:16am

കോഴിക്കോട്: ഇന്ത്യയില്‍നിന്ന് നാടുകടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ  സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലോകപ്രശസ്ത ഇസ്രായേല്‍ എഴുത്തുകാരി സൂസന്‍ നേതന്‍. വൃദ്ധയും  രോഗിയുമായ അവര്‍ കുറ്റമോ രാജ്യവിരുദ്ധ പ്രവൃത്തിയോ ചെയ്തിട്ടില്ലെന്ന് സൂസന്റെ അഭിഭാഷകന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ് അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവിനാണ് ശ്രമിക്കുമെന്നും സുന്ദര്‍രാജ് അറിയിച്ചു. വ്യാജാരോപണങ്ങള്‍ കോടതിവഴി തെറ്റെന്ന് തെളിയിക്കാനുള്ള അവകാശം ഇന്ത്യന്‍ നിയമങ്ങളിലെന്നപോലെ അന്താരാഷ്ട്ര നിയമങ്ങളിലും യു.എന്‍. മനുഷ്യാവകാശ പ്രഖ്യാപന പ്രകാരവും ഉണ്ട്. രാജ്യസുരക്ഷക്ക് അപകടമാണ് സൂസന്റെ നടപടിയെന്നും മറ്റുമുള്ള പൊലീസ് ആരോപണങ്ങള്‍ നിയമംകൊണ്ടുതന്നെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

സൂസന്റെ മാതാവ് മെഴ്‌സി ഇംഗ്‌ളീഷുകാരിയാണെങ്കിലും മെഴ്‌സിയുടെ പിതാവുള്‍പ്പെടെ പൂര്‍വികര്‍ ഇന്ത്യയില്‍ വീടുവെച്ച് താമസിച്ചിരുന്നവരാണെന്ന് സൂസന്റെ കുടുംബം അറിയിച്ചതായി അഡ്വ. മഞ്ചേരി സുന്ദര്‍രാജ് പറഞ്ഞു.

വിസകാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുന്ന സൂസന്‍ നേതനെ എത്രയും പെട്ടെന്ന് നാടുകടത്തതണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

ഇവര്‍ക്ക് തീവ്രവാദ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നും ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശങ്ങളുള്ള തന്റെ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇസ്രയേലിനെതിരെയുള്ള വിമര്‍ശനം ഉള്‍പ്പെട്ട ‘ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ഇസ്രയേല്‍ ആത്മവഞ്ചനയുടെ പുരാവൃത്തം തയാറാക്കാനാണ് ഇന്ത്യയില്‍ തുടരുന്നതെന്നു സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. പുസ്തകമിറക്കിയ ‘അദര്‍ ബുക്‌സില്‍ കൈവെട്ടു കേസന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടന്നിരുന്നു. ഈ സ്റ്റാളിനു സിമി, എന്‍.ഡി.എഫ് സഹായം കിട്ടുന്നുണ്ടെന്ന സംശയമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ചില മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനമെഴുതി. തീവ്രവാദ ബന്ധമുള്ളവരുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഇത്തരക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാടുകടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.  ഇനിയും തുടരാന്‍ അനുവദിച്ചാല്‍ ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്ക് ബോണസ് നല്‍കുന്ന തീരുമാനമാകുമെന്ന് കോടതി നിരീക്ഷിച്ചു.

Malayalam news

Kerala news in English

Advertisement