അയ്യര്‍യുഗത്തില്‍ അയ്യരുടെ വിശ്വസ്തന്‍ ഇന്ത്യന്‍ ടീമില്‍; ഇനി സീന്‍ മാറും!
Cricket
അയ്യര്‍യുഗത്തില്‍ അയ്യരുടെ വിശ്വസ്തന്‍ ഇന്ത്യന്‍ ടീമില്‍; ഇനി സീന്‍ മാറും!
സുദേവ് എ
Tuesday, 23rd June 2026, 3:59 pm

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി പഞ്ചാബ് കിങ്സ് യുവതാരം സൂര്യാന്‍ഷ് ഷെഡ്ജെ. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായാണ് സൂര്യാന്‍ഷ് ഷെഡ്ജെ ടീമില്‍ ഇടം നേടിയത്. ആദ്യമായാണ് ഷെഡ്ജെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാനൊരുങ്ങുന്നത്.

അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മികവുറ്റ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 147 റണ്‍സാണ് താരം അടിച്ചെടുത്തത്.

2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ ഷെഡ്ജെക്ക് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നും 158 റണ്‍സാണ് താരം പഞ്ചാബിനായി നേടിയത്. ഫിനിഷിങ് റോളില്‍ മിന്നി തിളങ്ങാനുള്ള കഴിവാണ് ഷെഡ്ജെയെ വ്യത്യസ്തനാക്കുന്നത്. പഞ്ചാബ് കിങ്‌സില്‍ ശ്രേയസ് അയ്യരുടെ കീഴില്‍ കളിച്ച താരത്തിന് ഇന്ത്യന്‍ ടീമിലും അതേ ക്യാപ്റ്റന്റെ കീഴില്‍ കളിക്കാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലായിരുന്നു നിതീഷ് കുമാറിന് പരിക്കേറ്റത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ ആയിട്ടായിരുന്നു നിതീഷ് കുമാറിനെ ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാല്‍ നിതീഷും പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി.

സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഐ.പി.എല്‍ 2026ന്റെ അവസാന ഘട്ടത്തിലാണ് വരുണിന് പരിക്കേറ്റത്. നിലവില്‍ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സസില്‍ (സി. ഒ. ഇ) റീഹാബിലിറ്റേഷനിലാണ് താരം. പരിക്ക് മാറാനുള്ള ചികിത്സ തുടരുന്നതിനാലാണ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്.

അതേസമയം അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യാന്‍ഷ് ഷെഡ്ജെ, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

 

 

Content Highlight: Suryansh Shedge named in Indian squad for Ireland T20 series

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.