ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
തീര്‍ച്ചയായും താന്‍ റണ്‍സ് നേടുമെന്നും എന്നിരുന്നാലും തന്റെ അഗ്രസീവ് അപ്രോച്ച് മാറ്റില്ലെന്നും സൂര്യ പറഞ്ഞു. മാത്രമല്ല മികച്ച പ്രകടനം നടത്താനും മുന്നോട്ട് പോകാനും കഴിയുമെന്ന് വിശ്വാസമുണ്ടെന്നും അതിന് സാധിച്ചില്ലെങ്കില്‍ കൂടുതല്‍ പരിശീലനം നടത്താനും കഠിനാധ്വാനം ചെയ്യാനും ശക്തമായി തിരിച്ചുവരാനും ശ്രമിക്കുമെന്ന് സൂര്യ പറഞ്ഞു.
സൂര്യകുമാര്‍ യാദവ് പത്രസമ്മേളനത്തിനിടയില്‍ – Photo: Dr Yash Kashikar
‘തീര്‍ച്ചയായും റണ്‍സ് നേടും. എന്നിരുന്നാലും, എന്റെ സമീപനം മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി എനിക്ക് വിജയം നേടിത്തന്ന അതേ കളിരീതി ഞാന്‍ തുടരും, എന്റെ വ്യക്തിത്വത്തില്‍ നിന്ന് മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഇതേ രീതിയില്‍ ബാറ്റിങ് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രകടനം നടത്താനും മുന്നോട്ട് പോകാനും കഴിയുമെന്ന് വിശ്വാസമുണ്ട്, അതിന് സാധിച്ചില്ലെങ്കില്‍, കൂടുതല്‍ പരിശീലനം നടത്തും, കഠിനാധ്വാനം ചെയ്യും, കൂടുതല്‍ ശക്തമായി തിരിച്ചുവരും.
ടേബിള്‍ ടെന്നീസ്, ലോണ്‍ ടെന്നീസ് പോലുള്ള കായിക ഇനമാണെങ്കില്‍, ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമായിരുന്നു. പക്ഷേ ഇത് ഒരു ടീമിന്റെ ഗെയ്മാണ്. എന്റെ പ്രാഥമിക ഉത്തരവാദിത്തം ടീമിന്റെ പ്രകടനമാണ്,’ സൂര്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിപ്പിച്ചെങ്കിലും കഴിഞ്ഞ 22 ടി-20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യയ്ക്ക് നേടാന്‍ സാധിച്ചിരുന്നില്ല. ഇതെല്ലാം താരത്തിന്റെ പ്രകടനത്തില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരെ സൂര്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.