ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു.
മത്സരത്തില്‍ ഇന്ത്യക്കായി തിളങ്ങിയത് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്സില്‍ പിറന്നത്. 340.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ഓപ്പണര്‍ 14 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയായിരുന്നു ക്യാപ്റ്റന്റെ സ്‌കോറിങ്. ഏറെ കാലം ഫോം ഔട്ടില്‍ തുടര്‍ന്ന സൂര്യ മികച്ച പ്രകടനമാണ് കിവീസിനെതിരായ പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ഇതിന് പുറമെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും സൂര്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
🔙to 🔙 FIFTIES 👏
Captain Surya Kumar Yadav with his 2️⃣3⃣rd half-century 🫡
ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങള്‍ വിജയിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ റെക്കോഡ് മറികടന്നാണ് സൂര്യ വിജയക്കുതിപ്പ് തുടരുന്നത്. വെറും 39 മത്സരങ്ങളില്‍ നിന്നാണ് സൂര്യ ഈ മിന്നും നേട്ടത്തിലെത്തിയതെന്ന് എടുത്തുപറയേണ്ടതാണ്.
ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങള്‍ വിജയിക്കുന്ന താരം, വിജയം (മത്സരം) എന്ന ക്രമത്തില്‍
രോഹിത് ശര്‍മ – 50 (62 മത്സരങ്ങള്‍)
എം.എസ്. ധോണി – 42 (70 മത്സരങ്ങള്‍)
സൂര്യകുമാര്‍ യാദവ് – 33 (39 മത്സരങ്ങള്‍)
വിരാട് കോഹ്‌ലി – 32 (48 മത്സരങ്ങള്‍)
അഭിഷേകിനും സൂര്യയ്ക്കും പുറമെ ഇഷാന്‍ കിഷന്‍ 13 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഇള്‍പ്പെടെ 28 റണ്‍സ് നേടി പുറത്തായി. കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോധിയും ഓരോ വിക്കറ്റുകള്‍ നേടി.
അതേസമയം കിവീസിന് വേണ്ടി 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാന്‍ 32 റണ്‍സും നേടിയിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒപ്പം ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.
Content Highlight: Suryakumar Yadav Surpass Virat Kohli In Great Record Achievement