ഒറ്റ മത്സരം, മൂന്ന് റെക്കോഡ്; മറികടന്നത് യുവാരജിനെയും വിരാടിനെയും!! തംരഗമായി സൂര്യകുമാര്‍ യാദവ്
Sports News
ഒറ്റ മത്സരം, മൂന്ന് റെക്കോഡ്; മറികടന്നത് യുവാരജിനെയും വിരാടിനെയും!! തംരഗമായി സൂര്യകുമാര്‍ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st October 2022, 8:53 am

ടി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായി ആരാധകര്‍ തന്നെ കാണുന്നതെന്തുകൊണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ ദിവസം പെര്‍ത്തില്‍ വെച്ച് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 മത്സരത്തില്‍ സൂര്യകുമാറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ടീമിന് തുണയായത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മുന്‍ നായകനുമെല്ലാം തന്നെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ ചെറുത്ത് നിന്നത് സ്‌കൈ മാത്രമായിരുന്നു. 40 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടിച്ച് 68 റണ്‍സ് നേടിയാണ് താരം പുറത്തായത്.

സൂര്യകുമാറിന്റെ ഇന്നിങ്‌സ് ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യ വന്‍ നാണക്കേടില്‍ നിന്നും കരകയറിയത്. മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തിയതും പൊരുതാവുന്ന സ്‌കോറിലെത്തിച്ചതും.

പെര്‍ത്തിലെ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സൂര്യകുമാര്‍ എന്ന ബാറ്റര്‍ ഇന്ത്യക്കും ആരാധകര്‍ക്കും നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ലോകകപ്പിലെ മൂന്ന് മത്സരത്തില്‍ നിന്നും സൂര്യകുമാര്‍ ഇതിനോടകം തന്നെ രണ്ട് അര്‍ധ സെഞ്ച്വറിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ മൂന്ന് റെക്കോഡുകളാണ് സൂര്യകുമാര്‍ ഒറ്റയടിക്ക് തന്റെ പേരിലാക്കിയത്. ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങ്ങിനെയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും മറികടന്നുകൊണ്ടാണ് സൂര്യകുമാര്‍ ഒന്നാം സ്ഥാനത്ത് കയറി ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഒരു ലോക റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

നാലാം നമ്പറിലോ അതിന് താഴെയോ ഉള്ള പൊസിഷനില്‍ ഇറങ്ങിയ ഏറ്റവുമധികം 50+ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് സൂര്യകുമാറിന്റെ പേരില്‍ കുറിക്കപ്പെട്ട ആദ്യ നേട്ടം. യുവരാജിനെ മറികടന്നാണ് സ്‌കൈ ഈ നേട്ടം സ്വന്തമാക്കിയത്.

നാലാം നമ്പറിലോ അതിന് താഴെയോ പൊസിഷനില്‍ ഇറങ്ങി ഏറ്റവുമധികം 50+ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

സൂര്യകുമാര്‍ യാദവ് – ഒമ്പത് തവണ

യുവരാജ് സിങ് – എട്ട്

ശ്രേയസ് അയ്യര്‍ – മൂന്ന്

മനീഷ് പാണ്ഡേ – മൂന്ന്

റിഷബ് പന്ത് – മൂന്ന്

നാലാം നമ്പറിലിറങ്ങി 1000 ടി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് സ്‌കൈ കഴിഞ്ഞ മത്സരത്തിലെ ഒറ്റയാള്‍ പ്രകടനത്തില്‍ നിന്നും സ്വന്തമാക്കിയ മറ്റൊരു നേട്ടം.

ഇതിന് പുറമെ ഒരു ലോക റെക്കോഡും കഴിഞ്ഞ മത്സരത്തിലൂടെ സൂര്യകുമാര്‍ സ്വന്തമാക്കി.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50+ റണ്‍സ് നേടുന്ന നോണ്‍ ഓപ്പണര്‍ എന്ന റെക്കോഡാണ് വിരാട് കോഹ്‌ലിയെ മറികടന്ന് സൂര്യകുമാര്‍ നേടിയത്.

സൂര്യകുമാര്‍ യാദവ് – എട്ട് തവണ (2022)

വിരാട് കോഹ്‌ലി – ഏഴ്  (2016)

വിരാട് കോഹ്‌ലി – ആറ്  (2022)

മിച്ചല്‍ മാര്‍ഷ് – ആറ്  (2021)

 

Content Highlight: Suryakumar Yadav sets 3 records in a single match