എനിക്ക് ഇവിടെ മാത്രമല്ലടാ, അങ്ങ് ക്രിക്കറ്റിലും പിടിയുണ്ടെടാ... ഇന്ത്യ - സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ കാമിയോ
Sports News
എനിക്ക് ഇവിടെ മാത്രമല്ലടാ, അങ്ങ് ക്രിക്കറ്റിലും പിടിയുണ്ടെടാ... ഇന്ത്യ - സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ കാമിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st October 2022, 7:36 am

കഴിഞ്ഞ ദിവസം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച് പ്രോട്ടീസ് വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരവും വിജയിച്ച് സെമിയില്‍ പ്രവേശിക്കാം എന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ വെള്ളിടി വീഴ്ത്തിയാണ് സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയത്.

പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ പേസിന്റെ സകല അഡ്വാന്റേജും സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ സ്വന്തമാക്കിയിരുന്നു. സ്റ്റാര്‍ പേസര്‍മാരായ വെയ്ന്‍ പാര്‍ണെലും ലുങ്കി എന്‍ഗിഡിയുമായിരുന്നു ഇന്ത്യയെ എറിഞ്ഞിട്ടത്.

എന്‍ഗിഡി നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കീശയിലാക്കിയപ്പോള്‍ പാര്‍ണെല്‍ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

 

ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പാര്‍ണെലിന് മുമ്പില്‍ വീണത്. ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവിനെ കേശവ് മഹാരാജിന്റെ കൈകളിലെത്തിച്ചാണ് പാര്‍ണെല്‍ മടക്കിയത്.

പ്രോട്ടീസിന് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയ ശേഷം പാര്‍ണെലിന്റെ വിക്കറ്റ് സെലിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്‌കൈയെ മടക്കിയതിന് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ സെലിബ്രേഷന് സമാനമായാണ് പാര്‍ണെല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇരു കയ്യും നെഞ്ചോട് ചേര്‍ത്ത് വെച്ച് മുകളിലേക്ക് നോക്കിയായിരുന്നു പാര്‍ണെല്‍ സൂര്യയുടെ പുറത്താവല്‍ ആഘോഷിച്ചത്. 40 പന്തില്‍ നിന്നും മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമുള്‍പ്പെടെ 68 റണ്‍സ് നേടി നില്‍ക്കവെയാണ് സൂര്യകുമാറിനെ പാര്‍ണെല്‍ പുറത്താക്കിയത്.

 

അതേസമയം, സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ 133 എന്ന പൊരുതാവുന്ന സ്‌കോറിലെത്തിയിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യ 133ലെത്തിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ചയായിരുന്നു. ടീം സ്‌കോര്‍ 50ലെത്തും മുമ്പ് തന്നെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു.

സൂര്യകുമാറിന് പുറമെ രണ്ട് പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 14 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, 11 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ കോഹ്‌ലിയുമാണ് മറ്റ് ‘റണ്‍വേട്ടക്കാര്‍’

എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടന്നിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഏയ്ഡന്‍ മര്‍ക്രമും ഡേവിഡ് മില്ലറുമായിരുന്നു പ്രോട്ടീസിന്റെ വിജയശില്‍പികള്‍.

മര്‍ക്രം 41 പന്തില്‍ നിന്നും 52 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഡേവിഡ് മില്ലര്‍ 46 പന്തില്‍ നിന്നും 59 റണ്‍സ് നേടി പുറത്താകാതെ നിന്നു.

 

ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ഗ്രൂപ്പ് 2 പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും സൗത്ത് ആഫ്രിക്കക്കായി. മൂന്ന് മത്സരത്തില്‍ നിന്നും പരാജയമറിയാതെ എട്ട് പോയിന്റാണ് പ്രോട്ടീസിനുള്ളത്.

Content highlight: Wayne Parnell imitates Cristiano Ronaldo’s celebration