ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയവുമായിപഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും ബാറ്റിങ്ങില്‍ പ്രഭ്സിമ്രാന്‍ സിങ്ങും തിളങ്ങിയതോടെയാണ് പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. പ്രഭ്സിമ്രാന്‍ 39 പന്തില്‍ 80* റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി. അയ്യരിന്റെ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റി ആയിരുന്നു ഇത്.
മുംബൈക്ക് വേണ്ടി 60 പന്തില്‍ 112 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്ക് തിളങ്ങി. 50 റണ്‍സ് നേടിയ നമന്‍ ധിര്‍ മുംബൈക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ് റണ്‍സ് ഒന്നും നേടാതെ മടങ്ങി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിന് ക്യാച്ച് നല്‍കിയാണ് സ്‌കൈ മടങ്ങിയത്.
ഇതോടെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരങ്ങളില്‍ മൂന്നാമനായും സ്‌കൈ മാറി. 25 തവണയാണ് സൂര്യകുമാര്‍ യാദവ് കുട്ടി ക്രിക്കറ്റില്‍ പൂജ്യത്തിന് മടങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍, മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള എന്നിവര്‍ക്കൊപ്പമാണ് സ്‌കൈ ഈ മോശം നേട്ടത്തിലുള്ളത്.
ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യം റണ്‍സിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍
രോഹിത് ശര്‍മ-31
ദിനേശ് കാര്‍ത്തിക്-26
സൂര്യകുമാര്‍ യാദവ്-25
സഞ്ജു സാംസണ്‍-25
പിയൂഷ് ചൗള-25
അജിന്‍ക്യ രഹാനെ-21
അമ്പാട്ടി റായിഡു-21
മന്ദീപ് സിങ്- 20
മനീഷ് പാണ്ഡ്യ-20
നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും നാല് തോല്‍വിയും അടക്കം രണ്ട് പോയിന്റ് മാത്രമാണ് ഹര്‍ദിക്കിന്റെയും സംഘത്തിന്റെയും കൈകളിലുള്ളത്. ഏപ്രില്‍ 20ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
Content Highlight: Suryakumar Yadav set a unwanted record in t20 cricket
