ഏകദിന ക്രിക്കറ്റില്‍ തനിക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ട്വന്റി-20 നായകന്‍ സൂര്യകുമാര്‍ യാദവ്. ഏകദിന ഫോര്‍മാറ്റ് മനസിലാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തി.
മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്‌കൈ തന്റെ ഏകദിന കരിയറിനെ കുറിച്ച് സംസാരിച്ചത്.
‘കളിക്കണം എന്ന മാനസികാവസ്ഥയോടെ തന്നെയാണ് ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. എനിക്ക് ഈ ഫോര്‍മാറ്റ് (ടി-20) എങ്ങനെ കളിക്കണമെന്ന് കൃത്യമായും വ്യക്തമായും അറിയാം.
എന്നാല്‍ എനിക്ക് ഇനി ഏകദിന ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹമില്ല, ഞാന്‍ ഒത്തിരി ശ്രമിച്ചതാണ്, പക്ഷേ എനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ല,’ സ്‌കൈ പറഞ്ഞു.
ട്വന്റി-20 ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണെങ്കിലും ഏകദിനത്തില്‍ ആ മികവ് നിലനിര്‍ത്താന്‍ സൂര്യകുമാറിനായില്ല. ഇന്ത്യയ്ക്കായി 37 ഏകദിനങ്ങള്‍ കളിച്ച താരം 25.76 ശരാശരിയില്‍ 773 റണ്‍സ് മാത്രമാണ് നേടിയത്.
2023 ഏകദിന ലോകകപ്പ് ടീമില്‍ അംഗമായിരുന്നെങ്കിലും ടൂര്‍ണമെന്റില്‍ തിളങ്ങാനായില്ല. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 17.66 ശരാശരിയില്‍ 106 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാന്‍ സാധിച്ചത്.