ചേട്ടന് വഴിയൊരുക്കല്‍ മാത്രമല്ല, വേറെയുമുണ്ട് ചിരി പടര്‍ത്തിയ നിമിഷങ്ങള്‍; സഞ്ജുവിന്റെ സ്വന്തം 'കെയറേട്ടന്‍'
Cricket
ചേട്ടന് വഴിയൊരുക്കല്‍ മാത്രമല്ല, വേറെയുമുണ്ട് ചിരി പടര്‍ത്തിയ നിമിഷങ്ങള്‍; സഞ്ജുവിന്റെ സ്വന്തം 'കെയറേട്ടന്‍'
ഫസീഹ പി.സി.
Saturday, 31st January 2026, 4:01 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് (ജനുവരി 31) തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുന്നത്. ഈ മത്സരത്തിനായി രണ്ട് ദിവസം മുമ്പ് തന്നെ ഇരുടീമുകളും തിരുവനന്തപുരത്തെത്തിയിരുന്നു.

ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സഞ്ജു സാംസണിനെ ആനയിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൊണ്ടുവന്നിരുന്ന കാഴ്ച ഏവരിലും ചിരി പടര്‍ത്തിയിരുന്നു. സഞ്ജു പുറത്തെത്തിയപ്പോള്‍ തന്റെ മുന്നില്‍ നിന്നവരോട് സൂര്യ ‘പ്ലീസ്, ചേട്ടന് വഴിയൊരുക്കൂ’ എന്ന് പറഞ്ഞിരുന്നു.

രസകരമായ സൂര്യയുടെ ഈ ഇടപെടല്‍ എയര്‍പോര്‍ട്ടില്‍ കൂടി നിന്ന ആരാധകരെയും ഇന്ത്യന്‍ ടീമംഗങ്ങളെയും ഒരുപോലെ ചിരിപ്പിച്ചു. ഈ രംഗത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സൂര്യയുടെയും സഞ്ജുവിന്റേയും ഈ വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍, ഇത് ആദ്യമായല്ല, സൂര്യ ഇങ്ങനെ സഞ്ജുവിനെ ‘കെയര്‍’ ചെയ്യുന്നത്. നേരത്തെ, ഏഷ്യാ കപ്പിനിടെയും ക്യാപ്റ്റന്റെ ചില പ്രവര്‍ത്തികള്‍ ചിരി പടര്‍ത്തിയിരുന്നു.

അതില്‍ ഒന്നാണ് ഏഷ്യാ കപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിന് എത്തിയപ്പോഴുള്ള ഒരു രംഗം. സൂര്യയും സഞ്ജുവടക്കമുള്ള താരങ്ങള്‍ ഐ.സി.സി അക്കാദമി സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി എത്തിയപ്പോള്‍ തടിച്ച് കൂടിയ ആരാധകര്‍ ‘സഞ്ജു സഞ്ജു’ എന്ന് ആര്‍പ്പ് വിളിച്ചു.

ഇത് കണ്ട സൂര്യ, മലയാളി താരത്തെ നോക്കി ‘ലോക്കല്‍ ബോയ്! സഞ്ജു സാംസണ്‍ ഫ്രം ട്രിവാന്‍ഡം’ എന്ന് പറഞ്ഞു. ഈ രസകരമായ വിശേഷണം സഞ്ജുവടക്കം അവിടെയുണ്ടായിരുന്ന എല്ലാവരിലും ചിരി പടര്‍ത്തിയിരുന്നു.

ഇത് മാത്രമല്ല, ഏഷ്യാ കപ്പിനിടെ വാര്‍ത്ത സമ്മേളനത്തില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പടുത്തുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കിയും സൂര്യ ആരാധകരെ ചിരിപ്പിച്ചിട്ടുണ്ട്. ‘ഞാന്‍ പ്ലെയിങ് ഇലവന്‍ മെസ്സേജ് ചെയ്യാം, ഞങ്ങള്‍ സഞ്ജുവിനെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്, വിഷമിക്കണ്ട,’ എന്നായിരുന്നു അന്നത്തെ മറുപടി.

കൂടാതെ, 2023ല്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയ്ക്ക് എതിരെ നടന്ന ഏകദിന മത്സരത്തിനിടെ ആരാധകര്‍ ‘ഞങ്ങളുടെ സഞ്ജുയെവിടെയെന്ന്’ വിളിച്ചു ചോദിച്ചിരുന്നു. അന്ന് കൈ ഹൃദയത്തിലേക്ക് ചൂണ്ടിയാണ് സൂര്യ ആരാധകര്‍ക്ക് മറുപടി നല്‍കിയത്.

സഞ്ജുവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഒരു താരമാണ് സൂര്യകുമാര്‍. പലപ്പോഴും മലയാളി താരത്തിന്റെ ഇന്നിങ്സുകളെയും താരത്തിന്റേത് പോലെ തന്നെ ക്യാപ്റ്റനും ആഘോഷിക്കാറുണ്ട്.

Content Highlight: Suryakumar Yadav’s playful banters with Sanju Samson

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി