പി.സി.ബി ചെയര്‍മാന് കൈകൊടുത്ത് സൂര്യ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Sports News
പി.സി.ബി ചെയര്‍മാന് കൈകൊടുത്ത് സൂര്യ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th September 2025, 4:05 pm

ഏഷ്യാ കപ്പിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ മൊഹ്‌സിന് നഖ്വിയുമായി ഹസ്തദാനം ചെയ്തതില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം താരം നഖ്വിയുമായി കൈ കൊടുക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്.

നഖ്വിയുടെ കൈയില്‍ രക്തമുണ്ടെന്നും അദ്ദേഹവുമായി കൈ കൊടുക്കുന്ന സൂര്യയുടെ മുഖത്ത് മുഴുവനും ചിരിയാണെന്നും ഒരു ആരാധകന്‍ പറഞ്ഞു. ‘നമ്മുടെ നിഷ്‌കളങ്കരായ ജനങ്ങളെ കൊല്ലുന്ന ഇവരുമായി ഹസ്തദാനം നല്‍കുന്നത് ലജ്ജാകരമാണെന്നും’ ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘സൂര്യകുമാര്‍ യാദവിനെയും ബി.സി.സി.ഐയും കുറിച്ച് ലജ്ജിക്കുന്നു’വെന്നും, നമ്മുടെ രാജ്യത്തിന് ക്രിക്കറ്റ് നയതന്ത്രത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

‘നമ്മുടെ നിഷ്‌കളങ്കരായ ആളുകളെ ഉപദ്രവിച്ചവര്‍ വെല്ലുവിളിക്കപ്പെടാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ഒരാളുമായി പുഞ്ചിരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുക.

ഒരുവശത്ത് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായി, ഇവിടെ നമ്മള്‍ പരസ്പരം പുഞ്ചിരിക്കുകയും കൈകൊടുക്കുകയും ചെയ്യുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്,’ മറ്റൊരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, നേരത്തെ സൂര്യകുമാര്‍ യാദവും പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘയും ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിന് ശേഷമാണ് പാകിസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രിയുമായ നഖ്വിയുമായി സൂര്യ ഹസ്തദാനം നല്‍കുന്ന വീഡിയോ വൈറലായത്.

Content Highlight: Suryakumar Yadav’s handshake with PCB Chairman Mohsin Naqvi sparks social media buzz